ആലപ്പുഴ: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെതിരെ പരാതി നൽകിയ എൻസിപി വനിതാ നേതാവ് ജിഷയ്ക്കെതിരെയും കേസെടുത്ത് പൊലീസ്. തന്നെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന എം.എൽ.എയുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം എം.എൽ.എയ്ക്കെതിരായ പരാതിയിൽ ജിഷ പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. യോഗത്തിന് മുമ്പ് എം.എൽ.എ തന്നെ അസഭ്യം പറഞ്ഞെന്നും എം.എൽ.എയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും ജിഷയുടെ മൊഴിയിൽ പറയുന്നു. പാർട്ടി അംഗങ്ങൾ അല്ലാത്തവർ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ എം.എൽ.എയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും, തനിക്ക് മർദ്ദനമേറ്റെന്നും ജിഷ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് നടന്ന എൻ.സി.പി യോഗത്തിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ ജിഷ പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാൽ ജിഷയ്ക്കെതിരെ എം.എൽ.എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ വിശദീകരണം നൽകാൻ എം.എൽ.എ ശനിയാഴ്ച മാധ്യമങ്ങളെ കാണും.
0 Comments