ad

Ticker

6/recent/ticker-posts

പി.എച്ച് സെന്റര്‍ - മുക്കിലപ്പീടിക റോഡ്; രണ്ടാം ഘട്ട ബി.എം ആന്റ് ബി.സി പ്രവൃത്തികൾക്ക് തുടക്കം


_മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു_

പൊതുമരാമത്ത് പദ്ധതികൾ പ്രവൃത്തി കലണ്ടർ പ്രകാരം പൂർത്തീകരിക്കുന്നത്  പൊതുജനങ്ങൾക്ക് ഏറെ ഗുണകരമാകുമെന്ന് പൊതുമരാമത്ത് - വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്ത് നിന്ന് ആരംഭിച്ച് വളാഞ്ചേരി നഗരസഭയിലെ മുക്കിലപ്പീടികയിലെത്തുന്ന പി.എച്ച് സെന്റര്‍ - മുക്കിലപ്പീടിക റോഡിന്റെ  രണ്ടാംഘട്ട ബി.എം ആന്റ് ബി.സി പ്രവൃത്തിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണാനുമതി നൽകിയ പദ്ധതികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ തന്നെ സാങ്കേതികാനുമതിയും ലഭ്യമാക്കുന്ന നയമാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പേരശ്ശനൂർ അങ്ങാടിയിൽ നടന്ന പരിപാടിയിൽ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനവും എം.എൽ.എ നിർവഹിച്ചു. 

ദേശീയപാതയില്‍ കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ നിന്നാരംഭിച്ച് വളാഞ്ചേരി നഗരത്തിനടുത്ത  മുക്കിലപ്പീടികയിലെത്തുന്ന എട്ട് കിലോമീറ്ററോളം ദൂരമാണ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നത്. ആദ്യ ഘട്ടമായി ആശുപത്രിപ്പടി മുതൽ പേരശ്ശനൂർ വരെയുള്ള 4.6 കിലോമീറ്റർ റോഡ് 5.07 കോടി ചെലവഴിച്ച് ബി.എം ആന്റ് ബി.സി പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി പേരശ്ശനൂർ മുതൽ മുക്കിലപ്പീടിക വരെയുള്ള 3.152 കിലോമീറ്ററാണ് ബി.എം ആന്റ് ബി.സി പ്രവൃത്തികൾ നടത്തുന്നത്. ഇതിനായി 5.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ബി.എം ആന്റ് ബി.സി പ്രവൃത്തികൾക്കൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കുലുങ്കുകൾ, ഡ്രൈനേജുകൾ, സംരക്ഷണഭിത്തികൾ എന്നിവയും നിർമിക്കും. 

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി നഗരസഭ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജിത ഷിലീജ്, വളാഞ്ചേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ റംല മുഹമ്മദ്, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, വാർഡ് കൗൺസിലർമാർ, പഞ്ചായത്തംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments