കോട്ടക്കൽ : ഇലക്ട്രിക്കൽ വയർമാൻ, സൂപ്പർവൈസർ, കോൺട്രാക്ടേഴ്സ് ഏകോപനസമിതി (EWSCES) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടെക്നിക്കൽ എക്സ്പോ 'SPARK 2025' ജനുവരി 7, 8 തീയതികളിൽ കോട്ടക്കൽ ചങ്കുവെട്ടി പി.എം. ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
"തൊഴിൽ സംരക്ഷണത്തിന് സംഘടിത മുന്നേറ്റം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് വയറിങ് മേഖലയിലെ വയർമാൻ, സൂപ്പർവൈസർ, കോൺട്രാക്ടർ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് EWSCES. തൊഴിൽ പ്രശ്നങ്ങളിൽ നിരന്തര ഇടപെടലുകൾ നടത്തുന്നതിനൊപ്പം സാമൂഹിക സന്നദ്ധ മേഖലകളിലും സംഘടന സജീവ സാന്നിധ്യമാണ്.
2018, 2019 വർഷങ്ങളിലെ പ്രളയകാലത്ത് വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീടുകളിൽ ഇലക്ട്രിക്കൽ സംബന്ധമായ പ്രശ്നങ്ങളിൽ സൗജന്യമായി അറ്റകുറ്റപ്പണികൾ നടത്തി സംഘടന ശ്രദ്ധേയമായ സേവനം നടത്തി. ഈ പ്രവർത്തനം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുകയും, ആവശ്യമായ ഉപകരണങ്ങൾ സർക്കാർ സൗജന്യമായി നൽകുകയും ചെയ്തിരുന്നു.
മെമ്പർമാരുടെ ക്ഷേമം ലക്ഷ്യമാക്കി സംഘടന വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
'സഹപ്രവർത്തർക്കൊരു കൈത്താങ്ങ്' പദ്ധതി ജോലി സ്ഥലങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേറ്റ അംഗങ്ങൾക്ക് താൽക്കാലിക സാമ്പത്തിക സഹായം നൽകുന്നതിനാണ്.
'സസ്നേഹം' പദ്ധതിയിലൂടെ മെമ്പർഷിപ്പ് നിലനിൽക്കേ അംഗം മരണപ്പെട്ടാൽ, കുടുംബത്തിന് 60 പ്രവർത്തി ദിവസത്തിനകം മൂന്ന് ലക്ഷം രൂപ ധനസഹായമായി നൽകുന്നു.
'കാരുണ്യ ജ്യോതി' പദ്ധതിയിലൂടെ നിർധന കുടുംബങ്ങൾക്ക് വീട് സൗജന്യമായി വയറിങ് ചെയ്ത് നൽകുന്ന സേവനവും സംഘടന ഏറ്റെടുത്തിട്ടുണ്ട്.
അതോടൊപ്പം സർക്കാറുകൾ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന പുതിയ നിയമങ്ങൾ അംഗങ്ങളെ അറിയിക്കുകയും, ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ കൃത്യമായി സംഘടിപ്പിക്കുകയും ചെയ്യുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.
അംഗങ്ങളുടെ അറിവ് വർധിപ്പിക്കുകയും, പുതിയ സാങ്കേതിക വിദ്യകൾ മെമ്പർമാർക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുന്നതിനുമായാണ് SPARK 2025 ടെക്നിക്കൽ എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു. എക്സ്പോയുടെ ഉദ്ഘാടനം അബ്ദുസമദ് സമദാനി നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് റാഫി പി.ഒ, കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ എന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ. രാജേഷ്, ജില്ലാ വൈസ് പ്രസിഡൻറ് കെ. പ്രദീപ് ബാബു, ജില്ലാ ട്രഷറർ ബിജുമാൻ കെ.ജി, ഭാരവാഹികളായ പി. ഇബ്രാഹിംകുട്ടി, കെ. സുനിൽകുമാർ, സി. സുകുമാരൻ എന്നിവർ പങ്കെടുത്തു.

0 Comments