ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിച്ചുചേർക്കുമെന്ന് ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ. ദേശീയപാത കടന്നുപോകുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രശ്നങ്ങൾ നേരിട്ട് പരിശോധിക്കുമെന്നും ജില്ലാവികസന സമിതി യോഗത്തിൽ കലക്ടർ അറിയിച്ചു. ദേശീയപാതയ്ക്കുവേണ്ടി ഭൂമി വിട്ടുകൊടുത്തവരും പരിസരവാസികളുമായ ആർക്കും യാതൊരു പ്രയാസവുമുണ്ടാവില്ലെന്ന് ദേശീയപാത അതോറിറ്റി ഉറപ്പാക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. പരിസരത്തെ വീടുകളിലേക്ക് വെള്ളം കയറാത്തവിധം അഴുക്കുചാൽ സംവിധാനം ഒരുക്കണമെന്ന് ദേശീപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർവീസ് റോഡുകളിലേക്കും ആശുപത്രിപോലുള്ള പ്രധാന സ്ഥാപനങ്ങളിലേക്കും പ്രവേശനമുറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തിൽ പി. അബ്ദുൾ ഹമീദ് എം.എൽ.എയാണ് ദേശീയപാതയോരത്തെ ജനങ്ങളുടെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി പരിഹാരമാവശ്യപ്പെട്ടത്. പൊന്നാനിയിൽ നിളയോരപാതയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ പി. നന്ദകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും കൈയേറ്റമൊഴിപ്പിക്കാൻ അതത് വകുപ്പുകൾ നടപടി സ്വീകരിക്കുമെന്നും തിരൂർ സബ്കലക്ടർ സച്ചിൻ കുമാർ യാദവ് അറിയിച്ചു. എം.എൽ.എയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചുചേർത്ത് നടപടി വേഗത്തിലാക്കുമെന്നും സബ്കലക്ടർ അറിയിച്ചു. മതിയായ രജിസ്ട്രേഷൻ രേഖകളോ നിർമാതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഇല്ലാത്ത 1.17 ലക്ഷം രൂപ വിലവരുന്ന 12 ഇനം സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തതായി ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ഡോ. എം.സി നിഷിത് അറിയിച്ചു. ചില സൗന്ദര്യവർധകവസ്തുക്കൾ വൃക്കരോഗം ഉൾപ്പെടെ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരൂർ, കോട്ടയ്ക്കൽ, വളാഞ്ചേരി ഭാഗങ്ങളിൽ നിന്നാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഈ മരുന്നുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ മെർക്കുറി അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് എറണാകുളത്തെ റീജിയണൽ ലബോറട്ടറിയിലേക്ക് സാംപിളുകൾ അയച്ചതായും അദ്ദേഹം അറിയിച്ചു. ടി.വി ഇബ്രാഹിം എം.എൽ.എയാണ് യോഗത്തിൽ അസാസ്ത്രീയമായി നിർമിക്കപ്പെട്ട സൗന്ദര്യവസ്തുക്കളുടെ വിൽപ്പന തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് ചോദ്യമുന്നയിച്ചത്. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി ഗവ. യു.പി സ്‌കൂളിന്റെ കെട്ടിടനിർമാണത്തിന് ടെൻഡർ ക്ഷണിച്ചുകഴിഞ്ഞതായി കെ.പി.എ മജീദ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വെന്നിയൂർ ജി.എം.യു.പി സ്‌കൂളിന്റ കെട്ടിടനിർമാണത്തിന്റെ ഡി.പി.ആർ കില അംഗീകരിച്ചതായും സാങ്കേതികാനുമതി ഉടൻ ലഭിക്കുമെന്നും കെ.പി.എ മജീദ് എം.എൽ.എയുടെ ചോദ്യത്തിന് ഡി.ഡി.ഇ മറുപടി നൽകി. തിരൂർ-അരിയല്ലൂർ മുതൽ കടലുണ്ടിക്കടവ് വരെയുള്ള റോഡിന്റെ നവീകരണത്തിന് 20 കോടി രൂപയുടെ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഡി.പി.ആർ തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എക്സി. എൻജിനീയർ അറിയിച്ചു. റിവർ മാനേജ്മെന്റ് ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കണമെന്ന് പി. ഉബൈദുള്ള എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. വാഹനം വാങ്ങുന്നതും ബോട്ടുകളിൽ ഇന്ധനം നിറയ്ക്കുന്നതും അനധികൃത മണലെടുപ്പ് തടയുന്നതിന്റെ ഭാഗമായാണെന്നും ഇതിനായി റിവർ മാനേജ്മെന്റ് ഫണ്ട് വിനിയോഗിക്കാൻ അനുമതിയുണ്ടെന്നും ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു. റിവർ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിദഗ്ധസമിതി എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും സമിതി പുനഃസംഘടിപ്പിക്കാത്തതിനാൽ നിരവധി പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്നും യു.എ ലത്തീഫ് എം.എൽ.എ പറഞ്ഞു. കാലാവധി കഴിഞ്ഞ എല്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശഭരണസ്ഥാപനങ്ങൾ സന്നദ്ധതയറിയിച്ചാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പുകളും കരിയർഗൈഡൻസും സംഘടിപ്പിക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ യോഗത്തിൽ പറഞ്ഞു. കൂടുതൽ പഞ്ചായത്തുകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെയും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കലക്ടർ നിർദേശിച്ചു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പെരിന്തൽമണ്ണ സബ്കലക്ടർ ശ്രീധന്യ സുരേഷ്, അസിസ്റ്റന്റ് കലക്ടർ സുമിത് കുമാർ താക്കൂർ, ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments