ad

Ticker

6/recent/ticker-posts

അഗ്രോ ആയുർവേദത്തിൻ്റെ പ്രാധാന്യം വിളംബരം ചെയ്തു കൊണ്ട് ആയുർവേദ ദിനം ആഘോഷിച്ചു

 ഏകാരോഗ്യത്തിന് ആയുർവേദം എന്ന സന്ദേശവുമായി നടക്കുന്ന എട്ടാമത് ദേശീയ ആയുർവേദ ദിനം വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളെജിൽ ആഘോഷിച്ചു. ആയുർവേദവും കൃഷി മേഖലയും സംയോജിച്ചു കൊണ്ടുള്ള പുതിയ മുന്നേറ്റത്തിൻ്റെ ആവശ്യകതയെ സൂചിപ്പിച്ചു കൊണ്ട് കോട്ടയ്ക്കൽ സെൻ്റർ ഫോർ മെഡിസിനൽ പ്ലാൻ്റ്സ് റിസർച്ചിൻ്റെ പ്രൊജക്ട് ഡയറക്ടർ ഡോ. ഇന്ദിരാ ബാലചന്ദ്രൻ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ കോളെജിലെ മുൻ അധ്യാപകനും ബഹുമുഖ പ്രതിഭയുമായിരുന്ന ഡോ.പ്രകാശ് മംഗലശ്ശേരിയുടെ അനുസ്മരണവും ഈ സന്ദർഭത്തിൽ നടന്നു. ഡോ.ജി.വിനോദ് കുമാർ അനുസ്മരണ പ്രഭാഷണവും ഡോ.വി.ജി.ഉദയകുമാർ പ്രകാശ് മംഗലശ്ശേരി സ്മാരക പ്രഭാഷണവും നടത്തി. ആയുർവേദത്തിനെതിരെ ആസൂത്രിതമായി നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെയുള്ള ജാഗ്രതയാണ് ആയുർവേദദിനത്തിൽ സമൂഹം കാത്തു സൂക്ഷിക്കേണ്ടതെന്ന് ഡോ. വി.ജി.ഉദയകുമാർ സൂചിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി.വി.ജയദേവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി.കെ.ബീനാ റോസ് സ്വാഗതവും ഡോ.ആർ.വിനോദ് നന്ദിയും പറഞ്ഞു. കെ.എ.എസ്.ആർ.എസ്. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. ആർ. രജീന, അധ്യാപക പ്രതിനിധി ഡോ. പി. ടി.പി. ആദിത്യ ബാബു, അനധ്യാപക പ്രതിനിധി പി.വി.ഉണ്ണികൃഷ്ണൻ, കോളെജ് യൂണിയൻ ചെയർപേഴ്സൺ അനഘ എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഔഷധ സസ്യകൃഷിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിന് ഡോ.ഗീത.എസ്.പിള്ള നേതൃത്വം നൽകി. ആരോഗ്യകരമായ ആഹാരം തയ്യാറാക്കുന്നതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിൻ്റെ ഭാഗമായി രസശാസ്ത്ര- ഭൈഷജു കൽപന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ "ഭേഷജസംസിദ്ധി" എന്ന പേരിൽ ലളിതവും ആരോഗ്യകരവുമായ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി വിതരണം ചെയ്തു. സ്വസ്ഥവൃത്ത വിഭാഗത്തിൻ്റെ നേതൃത്വത്തിൽ യോഗാമൃതം എന്ന പേരിൽ യോഗ പരിശീലനവും ഔഷധസസ്യവിതരണവും നാളെ നടക്കും.

Post a Comment

0 Comments