ad

Ticker

6/recent/ticker-posts

തകഴി റെയിൽവേ ക്രോസിലൂടെയുള്ള യാത്ര ദുഷ്‌ക്കരം; അടിയന്തിര ഇടപെടൽ വേണമെന്ന് എടത്വ വികസന സമിതി.

തകഴി : നാല് ദിവസം പൂർണ്ണമായും അടച്ചിട്ട് അറ്റകുറ്റ പണിക്ക്ശേഷം തുറന്ന തകഴി ലെവൽ ക്രോസിൽ യാത്രക്ലേശം രൂക്ഷം. ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി.മൂന്ന് ദിവസത്തെ അറ്റകുറ്റ പണിക്ക് വേണ്ടി നവംബർ 23 ന് ആണ് റെയിൽവെ ഗേറ്റ് അടച്ചത്. നിർമ്മാണം പൂർത്തിയാകാഞ്ഞതിനെ തുടർന്ന് രണ്ട് ദിവസം കൂടി നീട്ടിയെങ്കിലും ചക്കുളത്ത് കാവിലെ പൊങ്കാലയ്ക്ക് എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം ശക്തമായ പ്രതിഷേധത്തെ തുടർന്ന് നാലാം ദിവസം വൈകിട്ട് റെയിൽവെ ഗേറ്റ് തുറക്കുകയായിരുന്നു. അറ്റകുറ്റ പണികൾ പാതിവഴിയിലായതോടെ പാളങ്ങൾക്കിടയിൽ നിന്നും ഇളക്കിയ കല്ലുകൾ റോഡിൽ നിന്നും ഉയർന്ന് നില്ക്കുന്നതു മൂലം ചെറു വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറി. അടിയന്തിരമായി നിർമ്മാണ ജോലികൾ പൂർത്തികരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്.കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഇതു വഴി പുലർച്ച മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്. റെയിൽവെ ക്രോസ് പലപ്പോഴും അടഞ്ഞുകിടക്കുന്നത്​ മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും തിരുവല്ലയിലെ വിവിധ ആശുപത്രികളിലേക്കും അത്യാസന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഗതാഗ കുരുക്കിൽ പെടുന്നത് നിത്യസംഭവമാണ്. അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്.അഗ്നി രക്ഷാ വാഹനങ്ങൾ പോലും കുരുക്കിൽപെടുന്നത് പതിവ് സംഭവമാണ്.തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നില്പ് സമരം നടത്തുകയും ചീഫ് സെക്രട്ടറി ഡോ. വി.വേണുവിന് നിവേദനവും നല്കിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം ബി. ബീനാകുമാരി സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 35 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് മേൽപ്പാലത്തിനായി അനുവദിക്കേണ്ടത്. സ്ഥലമെടുപ്പിന് വേണ്ടി മാത്രം 10 കോടി രൂപ വേണ്ടി വരുമെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലമെന്റ് കോർപറേഷൻ ഓഫ് കേരള വ്യക്തമാക്കി. നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട്എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നെടുമുടിയിൽ എത്തുന്ന മുഖ്യമന്ത്രിക്ക് നാളെ നിവേദനം നല്കുമെന്ന് തകഴി റെയിൽവെ ക്രോസ് മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ. ജോൺ സൺ വി.ഇടിക്കുള,ജനറൽ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, എടത്വ വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട് എന്നിവർ പറഞ്ഞു.

Post a Comment

0 Comments