എടത്വ: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ച എടത്വ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ ശ്രീനിവാസന് (30) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ജന്മനാട്. നിറമിഴികളോടെയാണ് ബന്ധുക്കളും അയല്‍ക്കാരും സഹപാഠികളും കളിക്കൂട്ടുകാരും ഉള്‍പെടെ നൂറുകണക്കിന് ആളുകളാണ് അഖിലിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയിലേക്ക് എത്തിയത്. അലമുറയിട്ട് കരയുന്ന മാതാപിതാക്കളുടെ ചങ്കു തകര്‍ന്ന കരച്ചില്‍ കേള്‍ക്കാന്‍ കഴിയാതെ നാടുമൊത്തം വിതുമ്പി. വൈകിട്ട് 4 മണിക്ക് കൊടുപ്പുന്ന സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിലായിരുന്നു അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ഞായറാഴ്ച വൈകിട്ട് നാലു മണിക്കാണ് കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയിലെ ശ്രീനിവാസന്റെയും ലിസിയുടെയും മകന്‍ അഖില്‍ ശ്രീനിവാസന്‍ ഇടിമിന്നലേറ്റ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് വീടിന് സമീപത്തെ പുത്തന്‍ വരമ്പിനകം പാടത്തു ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങവേയാണ് അപകടം സംഭവിച്ചത്. ഫോണില്‍ സംസാരിക്കുന്നതിനിടെ നിനച്ചിരിക്കാതെ ഇടിമിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഖിലിന്റെ ചെവിയിലും തലയിലും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പരിക്കേറ്റ അഖിലിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
@ ഡോ.ജോൺസൺ വി.ഇടിക്കുള
0 Comments