എടത്വ: അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ നില്‍പ് സമരം നടത്തി. എടത്വ ടൗണ്‍ ഗാന്ധി സ്മൃതിക്ക് സമീപം പ്രസിഡന്റ് ഐസക്ക് എഡ്വേര്‍ഡ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ സാബു മാത്യൂ കളത്തൂര്‍ പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.സി.ജോസഫ്, രക്ഷാധികാരിമാരായ ജോജി കരിക്കംപ്പള്ളിൽ, ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം,ഷാജി മാധവൻ, ജനറല്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ വി ഇടിക്കുള,ട്രഷറാര്‍ കുഞ്ഞുമോന്‍ പട്ടത്താനം, വൈസ് പ്രസിഡന്റ്‌മാരായ ജോർജ്ജ് തോമസ് കളപ്പുര, പി.ഡി.രമേശ്കുമാർ, ജോ. സെക്രട്ടറിമാരായ ടോമിച്ചന്‍ കളങ്ങര, അജി കോശി,ബാബു കൊഴുപ്പക്കളം,എം.വി. ആന്റണി, രാജു കറുകയിൽ,പീറ്റർ വർഗ്ഗീസ്,ബാബു കണ്ണന്തറ എന്നിവര്‍ നേതൃത്വം നല്‍കി.
റോഡിന്റെ നിര്‍മ്മാണ കാലയളവില്‍ വെള്ളക്കെട്ട് ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനുള്ള സംവിധാനം ഉറപ്പ് വരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എന്‍ജിനീയരുടെ ഓഫിസിൽ നിവേദനം നല്കിയിരുതാണ്.ജല നിരപ്പ് ചെറിയ രീതിയില്‍ ഉയര്‍ന്നാല്‍ പോലും ഇവിടെ വെള്ള ക്കെട്ട് ഉണ്ടാകുകയും ഗതാഗത തടസ്സം നേരിടുന്നത് പതിവ് സംഭവമാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ സംസ്ഥാന പാതയില്‍ ഉണ്ടാവുന്ന വെള്ളക്കെട്ട് മൂലം കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങുന്നത് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരുത്തിയിരിക്കുകയാണ്.
അത്യാഹിത സമയങ്ങളില്‍ തിരുവല്ലയില്‍ ഉള്ള പ്രധാന ആശുപ്രതികളില്‍ പോലും എത്താന്‍ പറ്റാത്ത അവസ്ഥയാണ്.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോട് പാലത്തിന് സമീപം അപകടം പതിയിരിക്കുന്ന വളവായി മാറിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് മരണവും ചെറുതും വലുതുമായ നിരവധി അപകടങ്ങളും ഇവിടെ നടന്നിരുന്നു.വിദ്യാര്‍ഥികളും കാല്‍നട യാത്രക്കാരും ഉള്‍പെടെ നിരവധി യാത്രക്കാര്‍ ഇവിടെ വെച്ച് അപകടത്തില്‍ പെട്ടിട്ടുണ്ട്.റോഡിന്റെ വളവില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ കഴിയാത്തതാണ് അപകട കെണിയാകുന്നത്.ദൂരെ നിന്നെത്തുന്ന വാഹനങ്ങള്‍ വളവിന്റെ അടുത്ത് എത്തുമ്പോള്‍ മാത്രമാണ് മറുഭാഗത്ത് നിന്ന് വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍ പെടുന്നത്.റോഡിന്റെ വളവും ഒപ്പം ചരിവും വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ ഒട്ടുമിക്ക വാഹനങ്ങളും അമിത വേഗതയിലാണ് ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നത്. അപകട സ്ഥലങ്ങളില്‍ അപായ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയോ ട്രാഫിക് നിയന്ത്രണം കര്‍ശനമാക്കുകയോ ചെയ്താൽ ഒരു പരിധി വരെ അപകടം ഒഴിവാക്കാന്‍ സാധിക്കും.
മരിയാപുരം,കോഴിമുക്ക്, വെള്ളക്കിണര്‍,തലവടി പഞ്ചായത്ത് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിരവധി ജീവന്‍ പൊലിയുകയും 50 ലേറെ അപകടങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.മഴക്കാലം തുടങ്ങുന്നതോടെ ഈ സ്ഥലങ്ങള്‍ യാത്രക്കാരുടെ പേടിസ്വപ്നമാണ്.അമിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ടാണ് അപകടത്തില്‍ പെടുന്നത്.റോഡ് സുരക്ഷാ ചുമതലയുള്ള കേരളാ റോഡ് ഫണ്ട് ബോര്‍ഡ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു.
0 Comments