എടത്വ:കുട്ടനാടൻ ജനതയ്ക്ക് ഇനി ജല മാമാങ്കത്തിന്റെ ദിനങ്ങൾ ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രം.ചമ്പക്കുളം മൂലം വള്ളംകളിയോട് കൂടി ഈ വര്‍ഷത്തെ വള്ളംകളിക്ക് തുടക്കം ആകും.വള്ളംകളിയുടെ ആവേശവും ആരവവും ഓള പരപ്പിൽ ഉണ്ടെങ്കിലും എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ ആർപ്പുവിളികൾ ഇല്ല.
എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ പരേതനായ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും 'പുളിക്കത്ര 'വള്ളം നീരണിയിക്കുന്നത്.കഴി ഞ്ഞ ഒരു നൂറ്റാണ്ടായി ഒരേ കുടുംബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളിവള്ളങ്ങൾ നിർമ്മിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ ബഹുമതിയുമായി പുളിക്കത്ര തറവാട് യുആർഎഫ് ലോക റിക്കോർഡിൽ ഇടം പിടിച്ചിരുന്നു.ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ 'ഷോട്ട് ' കളിവള്ളം 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.ഏറ്റവും ഒടുവിലായി തറവാട്ടിലെ നാലാമത്തെ കളിവള്ളം ആയ ഷോട്ട് പുളിക്കത്ര കളിവള്ളം 2017 ജൂലൈ 27ന് ആണ് നീരണിഞ്ഞത്.
തറവാടിനോട് ചേർന്ന് ഉള്ള വള്ളപ്പുരയിൽ നിന്നും ജലമേളകളിൽ മത്സരിക്കുന്നതിന് കളിവള്ളം നീരണിയച്ചതിന് ശേഷം തുഴച്ചിൽ താരങ്ങൾ എത്തുമ്പോൾ പ്രാർത്ഥനയ്ക്ക് ശേഷം ഒന്നാം തുഴ കൈമാറിയിരുന്നത് ബാബു പുളിക്കത്രയുടെ ഭാര്യ മോളി ജോൺ ആയിരുന്നു.മലങ്കര സഭയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തിരുവല്ല കോവൂർ കുടുംബാംഗം ഐപ്പ് തോമാ കത്തനാരുടെ ചെറുമകളും പരേതരായ കെ.എ നൈനാൻ,അന്നമ്മ നൈനാൻ എന്നിവരുടെ മകളുമാണ് മോളി ജോൺ.

ജലോത്സവത്തെ നെഞ്ചിലേറ്റിയ കളിവെള്ളങ്ങളുടെ റാണിയായിരുന്ന മോളി ജോൺ (86) ഫ്രെബുവരി 25ന് ആണ് മത്സരങ്ങളിലാത്ത ലോകത്തേക്ക് യാത്രയായത്.സംസ്ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം ഷോട്ട് പുളിക്കത്ര കളിവള്ളത്തെ പ്രതിനിധികരിച്ച് മൃതദേഹത്തിൽ മഞ്ഞ ജേഴ്സിയും തുഴയും വഞ്ചിപ്പാട്ടിന് ശേഷം സമർപ്പിച്ചപ്പോൾ മക്കളുടെയും കൊച്ചു മക്കളുടെയും യാത്രമൊഴി നല്കുവാൻ എത്തിയ ജലോത്സവ ലോകത്തിന്റെ ദുഖം സങ്കടക്കടലായി.
ഓരോ മത്സരങ്ങളിലും മാലിയിൽ പുളിക്കത്ര തറവാട്ടിലെ കളിവള്ളങ്ങൾ കിരീടം അണിയുമ്പോൾ തറവാട്ടിലെത്തുന്ന ട്രോഫികളിൽ മുത്തമിട്ട് തൊഴുകൈകളുമായി ദൈവത്തിന് മഹത്വം അർപ്പിക്കുന്ന പ്രായം തളർത്താത്ത ആവേശ ത്തിനുടമയായ മോളി ജോൺ ഇനി ജലോത്സവ കായിക താരങ്ങളുടെ ഓർമ്മകളിൽ മാത്രം !
പുളിക്കത്ര തറവാട്ടിൽ നിന്നും കളിവള്ളം നീരണിഞ്ഞതിന്റെ 100-ാം വാർഷിക ദിനത്തിൽ വിവിധ കാരുണ്യപ്രവർത്തനങ്ങൾ നടത്തുമെന്ന് ജോർജ് ചുമ്മാർ മാലിയിൽ പുളിക്കത്ര , ഷോട്ട് പുളിക്കത്ര ഗ്രൂപ്പ് മാനേജർ റെജി വർഗ്ഗീസ് എന്നിവർ അറിയിച്ചു
✒️🔴 ഡോ. ജോൺസൺ വി ഇടിക്കുള
0 Comments