ad

Ticker

6/recent/ticker-posts

സേവന പാലിയേറ്റീവ്: വിഭവ സമാഹരണ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി

വളാഞ്ചേരി: എടയൂർ പഞ്ചായത്ത് പരിധിയിൽ സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ഏക പാലിയേറ്റീവ് സംവിധാനമായ സേവന പാലിയേറ്റീവ് കെയർ സൊസൈറ്റി, അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് (ജനുവരി 15) രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വിഭവ സമാഹരണ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു. ക്യാമ്പയിൻ ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഇന്ദിര നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. മുസ്തഫയിൽ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ടാണ് ക്യാമ്പയിന് ഔപചാരിക തുടക്കം കുറിച്ചത്.

പ്രദേശത്തെ മുഴുവൻ നാട്ടുകാരും ഈ സദുദ്യമത്തിൽ പങ്കാളികളാകണമെന്ന് പ്രസിഡണ്ട് കെ.പി. ഇന്ദിര അഭ്യർത്ഥിച്ചു. എല്ലാ വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി, വടക്കുംപുറം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ.പി. അസീസിൽ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ.കെ. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും കിടപ്പുരോഗികളെയും നിത്യരോഗികളെയും സൗജന്യമായി പരിചരിച്ചുവരുന്ന സേവന പാലിയേറ്റീവ് സൊസൈറ്റിയെ ചേർത്തുപിടിച്ച് സാമ്പത്തികമായും സന്നദ്ധ സേവനത്തിലൂടെയും സാന്ത്വന പരിചരണം ശക്തിപ്പെടുത്തണമെന്ന് ഈ അവസരത്തിൽ ആഹ്വാനം ചെയ്തു.

സേവന പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ റഷീദ് കിഴിശ്ശേരി, വർക്കിംഗ് കമ്മിറ്റി പ്രസിഡണ്ട് ടി.ടി. ജബ്ബാർ, സെക്രട്ടറി സമദ് മച്ചിങ്ങൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ പാലാറ, നാസർ കലമ്പൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ക്യാമ്പയിൻ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും മാസ് കളക്ഷനും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്റ്റുഡന്റ് പാലിയേറ്റീവ്, എൻ.എസ്.എസ്, സ്കൗട്ട്, വിവിധ വിദ്യാർത്ഥി കൂട്ടായ്മകളും ക്ലബ്ബുകളും പരിപാടിയിൽ പങ്കാളികളാകും.

Post a Comment

0 Comments