വളാഞ്ചേരി: അവധി ദിവസങ്ങളിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി മദ്യം ചെറുകുപ്പികളിലാക്കി വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് പേർ അറസ്റ്റിൽ. വളാഞ്ചേരി സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മങ്കേരി, കാവുങ്ങൽ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ കാവുങ്ങൽ സ്വദേശിയായ 70 വയസ്സുള്ള വാസുദേവനിൽ നിന്നും 6 ലിറ്റർ മദ്യവും, മങ്കേരി സ്വദേശിയായ 52 വയസ്സുള്ള കൃഷ്ണകുമാറിൽ നിന്നും 3 ലിറ്റർ മദ്യവും പോലീസ് പിടികൂടി. ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്നും മദ്യം വാങ്ങി ചെറുകുപ്പികളിലാക്കി വില്പന നടത്തുകയായിരുന്നു പ്രതികൾ എന്നതാണ് പോലീസിന്റെ കണ്ടെത്തൽ.
അനധികൃത മദ്യശേഖരണവും വിൽപ്പനയും നടത്തിയതിനെ തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഉത്തരവിനെ തുടർന്ന് ഇരുവരെയും റിമാൻഡ് ചെയ്തു.
വരും ദിവസങ്ങളിലും അനധികൃത മദ്യവിൽപ്പന തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു. അനധികൃത മദ്യവിൽപ്പന യുവാക്കളെ മദ്യപാനത്തിലേക്ക് നയിക്കുന്ന അപകടകരമായ പ്രവണതയാണെന്നും, ഇത്തരം പ്രവൃത്തികളിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
എസ്.എച്ച്.ഒ വിനോദ് വലിയട്ടൂർ, എ.എസ്.ഐ ജയകൃഷ്ണൻ, സി.പി.ഒമാരായ വിജയാനന്ദ്, ബൈജു പീറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അനധികൃത മദ്യവിൽപ്പന സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ പോലീസ് സ്റ്റേഷനുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

0 Comments