കുട്ടനാട് : നെല്ലിന് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്ക് പുറമെ കേരളം നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ എക്സ്പെൻ ടീച്ചർ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയത് അങ്ങേയറ്റം കർഷക വിരുദ്ധമാണെന്ന് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
ഗോതമ്പിനും നെല്ലിനും അധിക ബോണസ് നൽകുന്നതുമൂലം സംഭരണം അധികരിക്കുകയും ഇത് പൊതു ഖജനാവിന് ബാധ്യത ഉണ്ടാക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഈ ധാന്യങ്ങൾ കൂടുതൽ കൃഷി ചെയ്യാനും ഉൽപാദന വർദ്ധനയ്ക്കും അധിക ബോണസ് കാരണമാകുന്നു എന്നാണ് പരാമർശിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ നെൽകൃഷി ഉത്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1490.74 ലക്ഷം ടണ്ണിലെത്തി നിൽക്കുമ്പോൾ കേരളത്തിലെ കണക്കുകൾ മൊറ്റൊന്നാണ്. 1970-71 കാലഘട്ടത്തിൽ കേരളത്തിൽ 8.8 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ഉണ്ടായിരുന്നത് ഇപ്പോൾ കേവലം, അനൗദ്യോഗിക കണക്കുകൾ പ്രകാരം, 1.35 ലക്ഷം ഹെക്ടർ ആയി ചുരുങ്ങി. 2024-25 വർഷത്തെ ഉത്പാദനം കേവലം 5.8 ലക്ഷം ടൺ മാത്രമാണ്. ദേശീയ ഉത്പാദനം വച്ചുനോക്കുമ്പോൾ ഇത് 0.39% മാത്രമാണ്.ഇത് സംഭരിക്കാനാവട്ടെ കിലോ ഗ്രാമിന് 5 രൂപ 20 പൈസ പ്രകാരം കേവലം 302.04 കോടി രൂപ മാത്രമാണ് ഉത്പാദന പ്രോത്സാഹനമായി കേരളം നൽകിയത്.
വെള്ളവും വളവും കൂടുതലായി വേണ്ട വിളകളാണ് നെല്ലും ഗോതമ്പും, ഇത് കാരണം ഭൂഗർഭ ജലനിരപ്പ് കുറയുകയാണെന്നും മണ്ണ് ശോഷിക്കുന്നെന്നും, വൈക്കോൽ കത്തിക്കുന്നത് പോലുള്ള നടപടികൾ ജൈവ വൈവിധ്യം നഷ്ടമാകുന്നു, കാലാവസ്ഥ വ്യവസ്ഥയിലെ മാറ്റങ്ങൾ സുസ്ഥിരത പൊതുജനാരോഗ്യം എന്നിവയെ നേരിട്ട് ബാധിക്കുന്നതാണ് ഇക്കാര്യങ്ങൾ എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കേരളത്തിൽ വ്യാപകമായി നെൽകൃഷി ചെയ്യുന്ന ആലപ്പുഴ കോട്ടയം പത്തനംതിട്ട തൃശ്ശൂർ ജില്ലകളിൽ ഭൂഗർഭ ജലം അല്ല ഉപയോഗിക്കുന്നത് എന്ന വസ്തുത മനസ്സിലാക്കാതെയാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ആകട്ടെ ഡാമുകളിൽ നിന്നുള്ള വെള്ളം എത്തിച്ചാണ് നെൽകൃഷി വ്യാപകമായി ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നതുപോലെ കേരളത്തിൽ കച്ചി കത്തിക്കൽ ഒരു പ്രതിസന്ധി അല്ല താനും. കേരളത്തിലെ നെൽകൃഷി മൂലം കാർബൺ ക്രെഡിറ്റ് അടക്കമുള്ള വിഷയങ്ങളിൽ പരിസ്ഥിതിഅനുകൂല കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്.
വിശാല കുട്ടനാട്ടിൽ അടക്കം നെൽകൃഷി ചെയ്തില്ലെങ്കിൽ ജനങ്ങളുടെ സ്വൈര്യജീവിതം പോലും സാധ്യമല്ല എന്നിരിക്കെ ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയിരിക്കുന്നത് തീർത്തും ഖേദകരമാണ്.
2013-ൽ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO), സമുദ്രനിരപ്പിന് താഴെ നെൽകൃഷി നടത്തുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് കുട്ടനാട് - ഇന്ത്യയിലെ ഒരേയൊരു പ്രധാന സ്ഥലവും, എന്നും, തണ്ണീർത്തട പരിസ്ഥിതി വീണ്ടെടുക്കാനും കൃഷിചെയ്യാനും കർഷകർ സമർത്ഥമായ വഴികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്ന് കണ്ടെത്തിയാണ് കേരളത്തിലെ കുട്ടനാട് നെൽകൃഷി സംവിധാനത്തിന്, ആഗോള പ്രാധാന്യമുള്ള അപൂർവവും മൂല്യവത്തായതും സുസ്ഥിരവുമായ ഒരു പരമ്പരാഗത കാർഷിക സമ്പ്രദായമായതിനാൽ, ആഗോളതലത്തിൽ പ്രധാനപ്പെട്ട കാർഷിക പൈതൃക സംവിധാനം (GIAHS) പദവി നൽകിയത് എന്ന വസ്തുത കേന്ദ്രം വേണ്ട രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു.
കൂടാതെ, വെള്ളവും വളവും കൂടുതൽ വേണ്ട വിളകളാണ് അരിയും ഗോതമ്പും എന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കേരളത്തിൽ അരി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കേരള നിയമസഭ പാസാക്കിയിരിക്കുന്ന പല നിയമങ്ങളും കേരളത്തിൽ നെൽകൃഷി പ്രോത്സാഹനം ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. വയലുകളിൽ നെൽകൃഷി അല്ലാതെ മറ്റൊരു വിളക്കും സാധുത ഇല്ല എന്ന കേരള നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമാം നിലനിൽക്കുകയാണ് കേന്ദ്രം ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകിയത് എന്നത് വിരോധാഭാസം ആണെന്ന് യോഗം ചൂണ്ടിക്കാട്ടി.
കത്തിൽ സൂചിപ്പിക്കുന്നത് പോലെ എണ്ണ വിത്തുകൾ, പയർ വർഗ്ഗങ്ങൾ, ചെറു ധാന്യങ്ങൾ എന്നിവയുടെ ഉൽപാദനം കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സാധ്യമല്ല എന്നിരിക്കെ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് കേന്ദ്രം അടിയന്തരമായി പിൻവലിക്കണം.
കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി കേന്ദ്ര ഗവൺമെന്റ് വർദ്ധിപ്പിച്ച എം എസ് പി യുടെ ആനുകൂല്യം തടഞ്ഞു വെച്ചുകൊണ്ട് കർഷകരെ ദ്രോഹിച്ച സംസ്ഥാന ഗവൺമെന്റ്, ഇതൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി കണ്ട് കർഷകരെ ദ്രോഹിക്കുന്ന നിലപാട് യാതൊരു കാരണവശാലും സ്വീകരിക്കരുത്. കേരളത്തിലെ ഉത്പാദനച്ചെലവ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നര മടങ്ങിൽ അധികം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ നെൽ കർഷകരുടെ പക്ഷം നിന്നുകൊണ്ട് ഈ നിർദ്ദേശത്തെ നിരാകരിക്കാൻ കേരള നിയമസഭ സംയുക്തമായി പ്രമേയം പാസാക്കണം.
പ്രതിപക്ഷത്തിന്റെ കുറ്റകരമായ മൗനം ഈ വിഷയത്തിൽ വെടിഞ്ഞ് മുഴുവൻ എംപിമാരുടെയും സഹകരണത്തോടെ പാർലമെന്റിൽ ഈ വിഷയം വളരെ ഗൗരവത്തോടെ ഉന്നയിച്ച് കേരളത്തിലെ അന്യം നിന്നുകൊണ്ടിരിക്കുന്ന നെൽ കാർഷിക മേഖലയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്താൻ ക്രിയാത്മകമായ ഇടപെടൽ ഉണ്ടാവണം. അല്ലാത്തപക്ഷം കേരളത്തിന്റെ സാമാന്യ ബോധത്തിന്റെ അളവ് കോലായ അരിയാഹാരം ഉത്പാദിപ്പിക്കുന്ന നെൽക്കർഷകർ ഒറ്റക്കെട്ടായി സമര രംഗത്തേക്ക് ഇറങ്ങുമെന്നും നെൽ കർഷക സംരക്ഷണസമിതി സംസ്ഥാന ഭാരവാഹി യോഗം പ്രസ്താവിച്ചു.
സംസ്ഥാന പ്രസിഡൻ്റ് റജീന അക്ഷഫ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സാം ഈപ്പൻ ഉൽഘാടനം ചെയ്തു.സംസ്ഥാന നേതാക്കളായ വി.ജെ. ലാലി, കൃഷ്ണപ്രസാദ്, സോണിച്ചൻ പുളിങ്കുന്ന്, പി.ആർ.സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ, വേലായുധൻ നായർ, കെ.ബി.മോഹനൻ, ജോസ് കാവനാട്, റോയി ഊരാംവേലിൽ, മാത്യു തോമസ്, കാർത്തികേയൻ, ഷാജി മുടന്താഞ്ജലി, പി.എസ് വേണു, ബിജി ബാൽ, സുനു. പി. ജോർജ്, വിശ്വനാഥപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments