ബത്തേരി: ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ ഏകദേശം 53 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി.
കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലിൽ മാളിയേക്കൽ വീട്ടിൽ കെ.കെ. ഷാരുഖ് അസിം (33), ബേപ്പൂർ കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാർട്ട്മെന്റിൽ ഷെയ്ഖ് ഇർഷാദ് ഹുസൈൻ (35) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച (22.06.2026) രാത്രി കർണാടക ഭാഗത്തുനിന്ന് വന്ന കെ.എ. 22 എം.ഇ. 7498 നമ്പർ കാർ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക്പോസ്റ്റിൽ പരിശോധിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന ബാഗിനുള്ളിൽ സിപ്പ്-ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ 52.977 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ലഹരിവസ്തു ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് ബോങ്കും പൊലീസ് പിടിച്ചെടുത്തു.
സബ് ഇൻസ്‌പെക്ടർമാരായ കെ. ശ്രീതു, സനൽ, എ.എസ്.ഐ ശ്യാംലാൽ, എസ്.സി.പി.ഒ പ്രസാദ്, സി.പി.ഒ മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരിവസ്തുവിന്റെ ഉറവിടവും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം തുടരുകയാണ്.

0 Comments