ad

Ticker

6/recent/ticker-posts

യൂണിയന് പുറത്തുനിന്നുള്ള നേതൃത്വത്തിനെതിരെ എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ  പ്രതിഷേധം

എടത്വാ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് യൂണിയന് പുറത്തുനിന്നുള്ളവരെ ചെയർമാനും കൺവീനറുമായി നിയമിച്ചതിനെതിരെ ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ  പ്രതിഷേധം. നിലവിൽ ചുമതല വഹിച്ചിരുന്ന കൺവീനർ അഡ്വ. പി. സുപ്രമോദിനെ ഒഴിവാക്കി പുതിയ ഭരണസമിതി രൂപീകരിച്ചതിൽ പ്രതിഷേധിച്ച് യൂണിയനിലെ ഭൂരിപക്ഷം ശാഖാ ഭാരവാഹികൾ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി.യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന 40 ശാഖകളിൽ 30 ഓളം ശാഖകളിലെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരുമാണ് യോഗം ബഹിഷ്കരിച്ച് യൂണിയൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. ശാഖകളെ അറിയിക്കാതെയും അവരുടെ അഭിപ്രായം തേടാതെയുമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

കുട്ടനാട് സൗത്ത് യൂണിയന് പുറത്തുനിന്നുള്ള കൊല്ലം കടയ്ക്കൽ യൂണിയൻ പരിധിയിലുള്ള പച്ചയിൽ സന്ദീപിനെ കൺവീനറായും ചെങ്ങന്നൂർ യൂണിയൻ പരിധിയിലുള്ള അനിൽ പി. ശ്രീരംഗത്തെ ചെയർമാനായും ഉൾപ്പെടുത്തി എട്ടംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ 25 ശാഖകളും ആദ്യ യൂണിയനും ഉൾപ്പെടുന്ന കുട്ടനാട്ടിലെ സംഘടനാ പ്രവർത്തനത്തിൽ കുട്ടനാട്ടിൽ നിന്നുള്ള നേതൃത്വത്തെ ഒഴിവാക്കി പുറത്തുനിന്നുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. നടപടി സംഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും അവർ ആരോപിച്ചു.

കരുമാടി കിഴക്ക് ശാഖാ യോഗം പ്രസിഡന്റ് കെ. സോമൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ കഞ്ഞിപ്പാടം പതിനാറാം നമ്പർ ശാഖാ യോഗം പ്രസിഡന്റ് പി.എസ്. ബിജു, വൈശ്യംഭാഗം ശാഖാ യോഗം പ്രസിഡന്റ് എ.ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.യൂണിയനിലെ ശാഖാ ഭാരവാഹികളുമായി കൂടിയാലോചിച്ച ശേഷമേ ഭരണപരമായ തീരുമാനങ്ങൾ എടുക്കാവൂവെന്നും, നിലവിലെ നടപടികൾ പുനഃപരിശോധിച്ച് കുട്ടനാട്ടിൽ നിന്നുള്ള നേതൃത്വത്തിന് അർഹമായ പരിഗണന നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.അതേസമയം, പ്രതിഷേധക്കാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ അനിൽ പി. ശ്രീരംഗവും കൺവീനർ സന്ദീപ് പച്ചയും പ്രതികരിച്ചു. ഏതാനും ഭാരവാഹികൾ മാത്രമാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതെന്നും യോഗം തുടർന്ന് നടന്നതായും അവർ അറിയിച്ചു.

.
Uploaded Image

Post a Comment

0 Comments