വളാഞ്ചേരി: പുതുതായി നിലവിൽ വന്ന വളാഞ്ചേരി സർക്കിൾ ഓഫീസിന്റെ ഇൻസ്‌പെക്ടറായി കെ.ആർ. രഞ്ജിത്ത് ചുമതലയേറ്റു. യു.ഡി.എഫ് സർക്കാറിന്റെ പോലീസ് സേനയിലെ പരിഷ്കരണത്തിന്റെ ഭാഗമായി രൂപീകരിച്ച വളാഞ്ചേരി സർക്കിളിന്റെ ചുമതലയാണ് അദ്ദേഹം ഏറ്റെടുത്തത്.
കാടാമ്പുഴ, വളാഞ്ചേരി, കുറ്റിപ്പുറം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള കെ.ആർ. രഞ്ജിത്ത് നിരവധി ശ്രദ്ധേയമായ കേസുകൾക്ക് അന്വേഷണത്തിലൂടെ തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥനാണ്. വിശിഷ്ട സേവനത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ഉൾപ്പെടെയുള്ള അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കരേക്കാട് സി.കെ.പാറയിലെ ക്ഷേത്രത്തിനുള്ളിൽ മനുഷ്യ വിസർജ്യം വലിച്ചെറിഞ്ഞ സംഭവം ഏറെ വിവാദമായിരുന്നു. കേസിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനെന്ന നിലയിൽ രഞ്ജിത്ത് പോലീസ് സേനയുടെയും നാട്ടുകാരുടെയും പ്രശംസ നേടിയിരുന്നു.
വളാഞ്ചേരി, കുറ്റിപ്പുറം, പുതുതായി നിലവിൽ വരുന്ന എടപ്പാൾ പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് വളാഞ്ചേരി സർക്കിൾ. പുതിയ ചുമതലയോടെ മേഖലയിൽ പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

0 Comments