മലപ്പുറംനിലമ്പൂരില് നിന്ന് കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ബസില്‍ വയനാട്ടിലേക്കുള്ള ഉല്ലാസ യാത്ര പി.വി. അന്‍വര്‍ എം.എല്‍.എ. ഫളാഗ്ഓഫ് ചെയ്തു. കെ.എസ്.ആര്.ടി.സി. നിലമ്പൂര് ഡിപ്പോയുടെ ആദ്യ ഉല്ലാസ യാത്രയാണ് നിലമ്പൂര്‍-വയനാട് സര്വീസ്.
താമരശ്ശേരി ചുരത്തിന്റെ ഹരിത ഭംഗി ആസ്വദിച്ച് വയനാട്ടിലെത്തുന്ന യാത്രയില്‍ വയനാട് ജില്ലയിലെ പൂക്കോട് തടാകം, ബാണാസുര സാഗര്‍ ഡാം, കര്ലാട് തടാകം, ടീ മ്യൂസീയം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കാഴ്ചകള്‍ കാണാനാവും. ഒരാള്ക്ക് നാല്
നേരം ഭക്ഷണം അടക്കം 1000 രൂപ മാത്രമാണ് നിരക്ക്. മലപ്പുറം, പെരിന്തല്മണ്ണ ഡിപ്പോകളില്‍ നിന്ന് ശനിയാഴ്ച തന്നെ വയാനാട് യാത്ര നടത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ അഞ്ചിന് കെ.എസ്.ആര്.ടി.സി. നിലമ്പൂര് ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന യാത്ര രാത്രി പത്ത് മണിയോടെ തിരിച്ചെത്തും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നിലമ്പൂര്‍-വയനാട് ഉല്ലാസ യാത്ര നടത്തുന്നത്. മലപ്പുറം ഡിപ്പോയില്‍ നിന്ന് തുടങ്ങിയ മൂന്നാര്‍ ഉല്ലാസയാത്രയുടെ മാതൃകയില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്.ടി.സി. ഉല്ലാസ യാത്ര നടത്തുന്നുണ്ട്. നിലമ്പൂര്‍-വയനാട് ഉല്ലാസ യാത്രക്ക് നല്ല പ്രതികരണമാണുണ്ടായത്. അടുത്ത 25-ന് ഒരു യാത്രകൂടിയുണ്ടാകാന് സാധ്യതയുണ്ട്. മലക്കപ്പാറയില്േക്കും വിനോദ സഞ്ചാര യാത്ര നടത്തുന്നത് ആലോചനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ ഡി.ടി.ഒ. വി.എം.എ. നാസര്‍, നഗരസഭാംഗം പി. ഗോപാലകൃഷ്ണന്‍, ഹരിദാസന്‍, ഇ.കെ. നൗഷാദ്, ജോഷി ജോര്ജ്, കെ.എ. നിസാര്‍, സുകുമാരന്‍, നാരായണന് കുട്ടി, കരുണാകരന്‍, സുധീര്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 223929, 7736582069, 9745047521, 9447436967 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

0 Comments