ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലാ തദ്ദേശ സ്വയംഭരണ ദിനാഘോഷം ഈമാസം 19 ന് മലപ്പുറത്ത് നടക്കും


 മലപ്പുറം: ജില്ലാ തദ്ദേശ സ്വയംഭരണ ദിനാഘോഷം ഈമാസം 19ന് മലപ്പുറത്ത് നടക്കും. രാവിലെ ഒമ്പത് മണിക്ക് മേല്‍മുറി എം എസ് എം ഓഡിറ്റോറിയത്തില്‍ നവകേരളം കര്‍മ്മ പരിപാടി, സംയോജിത തദ്ദേശ ഭരണ സര്‍വീസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന സെമിനാറോടെ തുടക്കമാകും. സെമിനാര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം കെ റഫീഖ ഉദ്ഘാടനം ചെയ്യും. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് മഹാത്മാ പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് കലാപരിപാടികള്‍ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിക്കും. കൊവിഡ് സാഹചര്യത്തില്‍ ക്ഷണിക്കപ്പെട്ട 150 പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുക. നേരത്തെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപജ്ഞാതാവ് ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായിരുന്ന 19ന് പഞ്ചായത്ത് ദിനമായി ആഘോഷിച്ച് വന്നിരുന്നു. പഞ്ചായത്ത് വകുപ്പ്, ഗ്രാമ വികസന വകുപ്പ്, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് വകുപ്പ്, എല്‍ എസ് ജി ഡി എന്‍ജിനീയറിംഗ് വിഭാഗം, നഗരകാര്യ വകുപ്പ് എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ച് ഏകീകൃത  തദ്ദേശ സ്വയം ഭരണ വകുപ്പായി മാറിയതോടെയാണ് ഈ വര്‍ഷം മുതല്‍ തദ്ദേശ സ്വയംഭരണ ദിനമായത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷ എം കെ റഫീഖ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍ അബ്ദുല്‍ റശീദ്, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷാജി ജോസ് പങ്കെടുത്തു.

Post a Comment

0 Comments