വനിത ശിശുക്ഷേമ വകുപ്പിലെ മുഴുവന്‍ ഫയലുകളും മാര്‍ച്ച് എട്ടിനകം തീര്‍പ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
പെരിന്തല്‍മണ്ണ വനിതാ ഹോസ്റ്റല്‍ 'വനിതാ മിത്രകേന്ദ്രം നാടിന് സമര്‍പ്പിച്ചു
വനിത ശിശുക്ഷേമ വകുപ്പിലെ മുഴുവന്‍ ഫയലുകളും വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മുമ്പായി തീര്‍പ്പാക്കുമെന്ന് മന്ത്രി വീണാജോര്‍ജ്. പെരിന്തല്‍മണ്ണ വനിതാ ഹോസ്റ്റല്‍ 'വനിതാ മിത്രകേന്ദ്രം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് കുമാരി ക്ലബുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ക്ലബുകള്‍ രൂപീകരിക്കുക. പെണ്‍കുട്ടികള്‍ക്കായി നിയമ ബോധവത്കരണം നല്‍കുക, പോഷക കുറവ് പരിഹരിക്കുക, ആയോധന കലാപരിശീലനം നല്‍കുക എന്നിവയാണ് കുമാരി ക്ലബ് ലക്ഷ്യമിടുന്നത്. നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശത്ത് പോകുന്നതിന് നൈപുണ്യ പരിശീലനം നല്‍കും. സിനിമാ മേഖലയിലെ സാങ്കേതിക രംഗത്തേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുന്നതിനായി പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി.ഷാജി അധ്യക്ഷനായി.
പെരിന്തല്‍മണ്ണ നഗരസഭയിലെ എരവിമംഗലത്ത് പാട്ടത്തിന് അനുവദിച്ച സ്ഥലത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ആറ് കോടി രൂപയോളം ചെലവഴിച്ചാണ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. വൈഫൈ സൗകര്യം, നാപ്കിന്‍ ഇന്‍സിനേററ്റര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് വനിതാ വിശ്രമ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സിംഗിള്‍, ഡബിള്‍, ട്രിപ്പിള്‍, അംഗപരിമിതര്‍ക്കുളള റൂം എന്നിങ്ങനെ തരം തിരിച്ച് 100 പേര്‍ക്ക് താമസിക്കുവാനുളള സൗകര്യങ്ങളാണ് ഹോസ്റ്റലിലുള്ളത്. രാത്രി വൈകി ജോലി സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കും പ്രവേശനത്തിന് പ്രത്യേക അനുമതി നല്‍കും. പെരിന്തല്‍മണ്ണ ടൗണില്‍ കുറഞ്ഞ ദിവസത്തേക്ക് എത്തിച്ചേരുന്ന വിദ്യാര്‍ഥിനികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മറ്റും അതിഥി സൗകര്യങ്ങളും ലഭ്യമാണ്. 14 വയസുവരെയുള്ള കുട്ടികളെ കൂടെ താമസിപ്പിക്കാനും താമസക്കാര്‍ക്ക് അനുമതിയുണ്ട്.
വനിത വികസന കോര്‍പറേഷന്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം.നസീറ, സ്ഥിരം സമിതി അധ്യക്ഷരായ അമ്പിളി മനോജ്, ഹനീഫ മുണ്ടുമ്മല്‍, അഡ്വ. ഷാന്‍സി, കെ.ഉണ്ണികൃഷ്ണന്‍, പി.എസ് സന്തോഷ്‌കുമാര്‍, കൗണ്‍സിലര്‍ സി.പി ഷര്‍ലിജ നഗരസഭ മുന്‍ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം, വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ, വനിത വികസന കോര്‍പറേഷന്‍ എം.ഡി വി.സി ബിന്ദു, മുന്‍ ചെയര്‍പേഴ്സന്‍ കെ.എസ് സലീഖ, നഗരസഭ സെക്രട്ടറി അബ്ദുല്‍ സജീം, വനിത വികസന കോര്‍പറേഷന്‍ മേഖല മാനേജര്‍ കെ.ഫൈസല്‍, ഇ.രാജേഷ്, ജയകൃഷ്ണന്‍ പെരുമ്പള്ളി എന്നിവര്‍ പങ്കെടുത്തു.

0 Comments