തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജിൽ സംഘർഷം. അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിയെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ പൂട്ടിയിട്ടു. പ്രിൻസിപ്പലിനെ മോചിപ്പിക്കാനെത്തിയ എസ്എഫ്ഐ പ്രവർത്തകരും പോലീസുകാരും തമ്മിൽ ഏറ്റുമുട്ടി. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. എസ്.എഫ്.ഐ പ്രവർത്തകനായ രോഹിത് രാജിന്‍റെ പ്രവേശനത്തോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. നിരവധി തവണ അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിയാണ് രോഹിത് രാജ്. സ്റ്റാറ്റിസ്റ്റിക്സിൽ മൂന്ന് വർഷം പൂർത്തിയാക്കിയെങ്കിലും വിജയിച്ചില്ല. അതേ വിഷയത്തിൽ ഇന്ന് വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായി പ്രവേശനം നേടാനുള്ള രോഹിതിന്‍റെ ശ്രമത്തെ പ്രിൻസിപ്പൽ എതിർത്തു. അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിയെ വീണ്ടും പ്രവേശിപ്പിക്കാനാവില്ലെന്ന് കോളേജ് കൗൺസിൽ അറിയിച്ചു. ഇതേ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ പൂട്ടിയിട്ടു. എസ്എഫ്ഐ പ്രവർത്തകർ കോളേജിന്‍റെ പ്രധാന ഗേറ്റും പൂട്ടി. ഇതേതുടർന്ന് കോളേജ് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ പ്രവർത്തകരും പൊലീസുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

0 Comments