കൊച്ചി: സോഷ്യൽ മീഡിയയിൽ ദളിത് യുവതിയെ അപമാനിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മേരി ജോസഫ് അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയെയും അപമാനിച്ചുവെന്ന് ദളിത് യുവതി പറഞ്ഞതിന് പിന്നാലെ ആ കേസിന്‍റെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് യൂട്യൂബർ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ ദളിത് യുവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് യൂട്യൂബർക്കെതിരെയുള്ള കേസ്. പട്ടികജാതി (അതിക്രമം തടയൽ) നിയമത്തിലെ വ്യവസ്ഥകൾ നിലനിൽക്കുമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

0 Comments