തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കേസിലെ മൂന്നാം പ്രതിയായ ജയരാജന് തിരുവനന്തപുരം സിജെഎം ഇന്ന് കുറ്റപത്രം വായിച്ചുകേൾപ്പിക്കും. കേസിലെ മറ്റ് അഞ്ച് പ്രതികളും ഈ മാസം 14ന് നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാട്ടി ജയരാജൻ അന്ന് ഹാജരായില്ല. ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഇ പി ജയരാജനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. കുറ്റപത്രം വായിച്ച ശേഷം വിചാരണ തീയതിയും കോടതി തീരുമാനിക്കും. ബാർ കോഴക്കേസിലെ പ്രതി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ കൈയാങ്കളിയുടെ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറാനും കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു.
0 Comments