കൊച്ചി: തൃക്കാക്കരയിൽ തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പ്രഭാത സവാരിക്കിടെയാണ് ഇവരെ തെരുവ് നായ ആക്രമിച്ചത്. തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡിലും കുസാറ്റ് പൈപ്പ് ലൈൻ റോഡിലും വച്ചാണ് നായ ആക്രമിച്ചത്. എല്ലാവരെയും ഒരേ നായയാണ് കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലും ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചത്. സ്കൂളിൽ നിന്ന് മടങ്ങും വഴിയാണ് തെരുവ് നായ കടിച്ചത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി കഴിഞ്ഞദിവസം വൈകിട്ട് 4.30 ഓടെ സ്‌കൂള്‍വിട്ട് വരുമ്പോഴാണ് സംഭവം. സഹോദരന്‍ ആകാശ്, ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുവാന്‍ പോയ ബന്ധു ഗൗരി എന്നിവരോടൊപ്പം വരുന്നതിനിടെ വീടിനടുത്തെത്തിയപ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ ബഹളംകേട്ട് പിതാവ് ശശികുമാറും അമ്മ മണിയും ഓടിയെത്തി നായയെ ഓടിച്ചു. വലതുകാലിന് ആഴമേറിയ മുറിവേറ്റ കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു.
0 Comments