കൊച്ചി: തീവ്രവാദ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആവശ്യപ്പെടും. അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. അബ്ദുൾ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് എൻഐഎയുടെ തീരുമാനം. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൾ സത്താർ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതിലും സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും അബ്ദുൾ സത്താറിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ 11 പേരെ എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. കേസിലെ 12-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ഒളിവിലാണ്.
0 Comments