അമ്പലപ്പുഴ: കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ നിലവിളിയും തീവണ്ടിയുടെ ശബ്ദവും കേട്ടാണ് പവിത്ര പാളത്തിലേക്കു നോക്കിയത്. പാളത്തിലൂടെ നടക്കുന്ന അനുജത്തി മിത്ര. അകലെനിന്നു പാഞ്ഞടുക്കുന്ന തീവണ്ടി. ഒന്നും ചിന്തിച്ചില്ല. പവിത്ര ഓടി പാളത്തിൽക്കയറി. അനുജത്തിയെ കെട്ടിപ്പിടിച്ചപ്പോൾ ഇരുവരും താഴേക്ക് വീണു. ഈ സമയം തീവണ്ടി പാളത്തിലൂടെ കടന്നുപോയിരുന്നു. പുന്നപ്ര കപ്പക്കട പടിഞ്ഞാറ് പനച്ചുവട് ലെവൽക്രോസിനു സമീപമാണ് സംഭവം. വലിയ തൈപ്പറമ്പുവീട്ടിൽ സജിമോന്റെയും പ്രവീണയുടെയും മക്കളാണു 12 വയസുകാരി പവിത്രയും ഏഴുവയസ്സുകാരി മിത്രയും. മറ്റൊരു വീട്ടിൽ മരണാനന്തരച്ചടങ്ങിന്റെ ഭാഗമായുള്ള പ്രാർഥനയിൽ പങ്കെടുക്കാനാണു മിത്ര പാളത്തിലൂടെ നടന്നത്. ഇവരുടെ വീട്ടിൽനിന്നു കാണാവുന്ന ദൂരത്തിലാണു മരണവീട്. അമ്മയും അമ്മൂമ്മയുമെല്ലാം വീടിനുമുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. പാളത്തിനോടു ചേർന്നുള്ള പറമ്പിൽ കളിക്കുകയായിരുന്നു ചേച്ചി പവിത്ര. മിത്ര പാളത്തിലൂടെ നടക്കുമ്പോൾ തീവണ്ടിയുടെ ഹോൺ കേട്ട് മരണവീട്ടിൽനിന്നവരാണ് വിളിച്ചുകൂവിയത്. പാളത്തിൽനിന്ന് പവിത്ര അനിയത്തിയുടെ ജീവൻ വാരിയെടുക്കുമ്പോൾ പകച്ചുനിൽക്കുകയായിരുന്നു ഇവരെല്ലാം. ഇനിയൊരിക്കലും പാളത്തിലൂടെ നടക്കില്ലെന്നാണു മിത്ര പറയുന്നത്. പുന്നപ്ര അറവുകാട് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് പവിത്ര. മിത്ര അറവുകാട് എൽ.പി. സ്കൂളിൽ മൂന്നാംക്ലാസിലും.
0 Comments