മരുന്നില്ലാതെയും പ്രമേഹം ഭേദപ്പെടുത്താം.
നിസ്സാരനാണെന്ന് പൊതുവെ തോന്നുമെങ്കിലും അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കാനിടയുള്ള ഗൗരവതരമായ രോഗാവസ്ഥ കൂടിയാണ് പ്രമേഹം. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥ കൂടിയാണിത്. പാന്‍ക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്റെ ഉതപാദനത്തില്‍ സംഭവിക്കുന്ന തകരാറോ, ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ശരീരത്തിന് ശരിയായ രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കാതെ വരുന്ന സാഹചര്യമോ ആണ് പ്രമേഹം എന്ന അവസ്ഥയ്ക്ക് കാരണമായി മാറുന്നത്. പ്രായഭേദമന്യേ ആരെയും ബാധിക്കാന്‍ സാധ്യതയുള്ള രോഗാവസ്ഥ കൂടിയാണിത്.
ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളുള്ള രോഗാവസ്ഥ കൂടിയാണ് പ്രമേഹം. അതുകൊണ്ട് തന്നെ പ്രമേഹത്തെ കുറിച്ച് കൃത്യമായ ബോധവത്കരണം നടത്തുകയും തെറ്റിദ്ധാരണകളെ തിരുത്തുകയും, പ്രമേഹ പ്രതിരോധത്തെ കുറിച്ച് ആളുകളെ ഉത്‌ബോധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാവര്‍ഷവും നവംബര്‍ 14ാം തിയ്യതി ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനുമാണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
പ്രമേഹത്തിന്റെ പ്രത്യാഘാത സാധ്യതകള്‍
പ്രമേഹത്തെ കൃത്യമായി തിരിച്ചറിഞ്ഞ് ശരിയായ രീതിയില്‍ പ്രതിരോധിക്കുകയോ ചികിത്സിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ പല തരത്തിലുള്ള പ്രത്യാഘാതങ്ങളിലേക്ക് ഇത് നയിക്കും. പ്രധാന ഹൃദയ ധമനികളെ ബാധിക്കുന്ന അസുഖങ്ങള്‍, ഹൃദയാഘാതം, സ്‌ട്രോക്ക്, ഞരമ്പുകള്‍ ഇടുങ്ങിപ്പോകുന്ന അതിരോസ്‌ക്ലീറോസിസ്, വൃക്കയുടെ മാലിന്യം വേര്‍തിരിക്കാനുള്ള ശേഷിയെ ബാധിക്കുക, ദഹനസംബന്ധമായ തകരാറുകള്‍, നേത്രങ്ങളെ ബാധിക്കുന്ന ഡയബറ്റിസ് റെറ്റിനോപ്പതി എന്ന അവസ്ഥ, കാലിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് മൂലമുണ്ടാകുന്ന നിരവധിയായ പ്രത്യാഘാതങ്ങള്‍, തൊലിപ്പുറത്തെ പ്രശ്‌നങ്ങള്‍, വായക്കകത്ത് ബാക്ടീരിയല്‍-ഫംഗസ് അസുഖങ്ങള്‍, കേള്‍വി സംബന്ധമായ തകരാറുകള്‍, അല്‍ഷിമേഴ്‌സ് പോലുള്ള അവസ്ഥകള്‍, നിരാശ, ചില അസുഖങ്ങള്‍ അവിചാരിതമായി തീവ്രമാവുകയും ചിലപ്പോള്‍ മരണം വരെയും സംഭവിക്കുന്ന സാഹചര്യം തുടങ്ങിയ അനേകം അനുബന്ധ അവസ്ഥകളിലേക്കാണ് പ്രമേഹം മനുഷ്യനെ നയിക്കുന്നത്.
പ്രധാന തെറ്റിദ്ധാരണ
ഇത്തരം രോഗാവസ്ഥകളിലേക്കും സങ്കീര്‍ണ്ണതകളിലേക്കും നയിക്കപ്പെടാനുള്ള പ്രധാന കാരണം അശ്രദ്ധയും തെറ്റിദ്ധാരണകളുമാണ്. പ്രമേഹം നിര്‍ണ്ണയിക്കപ്പെട്ട് കഴിഞ്ഞാല്‍ അടുത്ത നിമിഷം മുതല്‍ മരുന്നുകള്‍ കഴിച്ച് തുടങ്ങണമെന്നും, ഈ മരുന്നുകള്‍ മാറ്റമില്ലാതെ ജീവിതകാലം മുഴുവന്‍ തുടര്‍ന്ന് പോകണമെന്നുമുള്ള ധാരണയാണ് ഇന്നും മഹാഭൂരിപക്ഷം വരുന്ന ആളുകള്‍ക്കുമുള്ളത്. ഈ തെറ്റിദ്ധാരണകളെ തിരുത്തുക എന്നത് തന്നെയാണ് പ്രമേഹത്തെ പ്രതിരോധിക്കുന്നതില്‍ പ്രാഥമികമായി നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍.
മരുന്നിന് പകരം മെഡിക്കല്‍ ന്യൂട്രീഷ്യന്‍
അമിതവണ്ണം, തെറ്റീയ ഭക്ഷണ രീതി, ശാരീരികമായ വ്യായാമമില്ലാത്ത അവസ്ഥ എന്നിവയാണ് പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ഈ കാരണങ്ങളെ തിരുത്തുവാന്‍ തയ്യാറായാല്‍ തന്നെ നമുക്ക് ഒരു പരിധിവരെ ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കും. മരുന്നുകളില്ലാതെ തന്നെ കാലങ്ങളോളം പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുവാന്‍ സ്വയം സ്വീകരിക്കുന്ന ഈ മാറ്റം നമ്മെ പ്രാപ്തരാക്കും. മെഡിക്കല്‍ ന്യൂട്രീഷ്യന്‍ തെറാപ്പി എന്നാണ് ഈ ചികിത്സാ രീതി അറിയപ്പെടുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ രീതി ലോകമെമ്പാടും പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. ഒരു വ്യക്തി തന്റെ ശരീരഭാരം പത്ത് ശതമാനം കുറയ്ക്കുവാനും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വ്യായാമങ്ങള്‍ ദിവസേന 45 മിനിട്ട് ചെയ്യുവാനും, ഡോക്ടറും ഡയറ്റീഷ്യനും നിര്‍ദ്ദേശിക്കുന്ന നിശ്ചിത രീതിയിലുള്ള ഭക്ഷണ ക്രമീകരണം പിന്‍തുടരാനും തയ്യാറാവുകയാണെങ്കില്‍ തീര്‍ച്ചയായും മരുന്നുകളില്ലാതെ കാലങ്ങളോളം പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ലോകത്താകമാനം നടന്ന അനവധി പഠനങ്ങളിലൂടെ ഈ രീതി പ്രാവര്‍ത്തികമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായി എന്റെ അരികില്‍ ചികിത്സ തേടിയെത്തുന്ന അനേകം പേര്‍ ഇപ്പോള്‍ മെഡിക്കല്‍ ന്യൂട്രീഷ്യനിലൂടെ പ്രമേഹ നിയന്ത്രണം സാധ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ന്യൂട്രീഷ്യനില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രീതികള്‍ പിന്‍തുടരുന്നതോടൊപ്പം തന്നെ നിര്‍ദ്ദേശിക്കപ്പെടുന്ന പരിശോധനകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും റിപ്പോര്‍ട്ടുകള്‍ അതത് സമയങ്ങളില്‍ ഡോക്ടറെ കാണിക്കുകയും ചെയ്യേണ്ടതുമുണ്ട്.
പ്രമേഹത്തിന്റെ മരുന്ന് കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാക്കുമോ?
സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റൊരു പ്രധാന തെറ്റിദ്ധാരണയാണിത്. യഥാര്‍ത്ഥത്തില്‍ പ്രമേഹത്തിന് മരുന്നുകള്‍ കഴിക്കുമ്പോഴല്ല, മറിച്ച് മരുന്നുകള്‍ കഴിക്കാതെയോ, മെഡിക്കല്‍ ന്യൂട്രീഷ്യന്‍ പോലുള്ള രീതികള്‍ സ്വീകരിക്കുകയോ ചെയ്യാതെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്ന അവസ്ഥ വന്ന് ചേരുന്നത് മൂലമാണ് വൃക്കകള്‍ തകരാറിലാകുന്നത്. മരുന്നുകള്‍ വൃക്ക തകരാറിലാക്കുന്ന എന്ന പ്രചരണത്തില്‍ വിശ്വസിച്ച് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളോ, മറ്റ് രീതികളോ പിന്‍തുടരാതെ അപകടകരമായ ജീവിത സാഹചര്യങ്ങളിലെത്തിച്ചേരുന്ന അനേകം പേരുണ്ട്.
ഒറ്റ പ്രിസ്‌ക്രിപ്ഷന്‍ എല്ലാ കാലത്തേക്കും.
നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മറ്റൊരു പ്രധാന പ്രവണതയാണ് ഒരിക്കല്‍ ഡോക്ടറെ കാണിച്ച് ഒരു പ്രിസ്‌ക്രിപ്ഷന്‍ ലഭിച്ച് കഴിഞ്ഞാല്‍ പിന്നെ വര്‍ഷങ്ങളോളം ആ പ്രിസ്‌ക്രിപ്ഷന്‍ കാണിച്ച് മരുന്ന് തുടരുക എന്നത്. ചിലപ്പോള്‍ ലാബില്‍ പോയി പരിശോധിച്ച് മരുന്നിലെ ഏറ്റക്കുറച്ചിലുകള്‍ സ്വയം തീരുമാനിച്ച് മുന്‍പിലേക്ക് കൊണ്ട് പോകുന്നവരുമുണ്ട്. എത്രയും പെട്ടെന്ന് തിരുത്തേണ്ട തികച്ചും തെറ്റായ നടപടി ക്രമമാണിത്.
യഥാര്‍ത്ഥത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നത് മാത്രമല്ല പ്രമേഹ ചികിത്സയുടെ ലക്ഷ്യം. ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കുക എന്നതും ചികിത്സയുടെ ലക്ഷ്യമാണ്. ആ ലക്ഷ്യം നിറവേറണമെങ്കില്‍ ചില പരിശോധനകള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കേണ്ടതുണ്ട്. ചില പരിശോധനകള്‍ മാസത്തിലൊരിക്കല്‍ നിര്‍വ്വഹിക്കേണ്ടതായിരിക്കും, മറ്റ് ചിലത് മൂന്ന് മാസം കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കല്‍ ചെയ്യേണ്ടതോ ഒക്കെ ആയിരിക്കും. ഈ പരിശോധനകള്‍ കൃത്യമായി പിന്‍തുടരുമ്പോള്‍ മാത്രമേ പ്രമേഹം നമ്മുടെ ശരീരത്തിനുള്ളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നേരത്തെ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെ നേരത്തെ തിരിച്ചറിഞ്ഞാല്‍ പരിപൂര്‍ണ്ണമായി ഈ പ്രത്യാഘാതങ്ങളെ തരണം ചെയ്യുവാനും സാധിക്കും.
പ്രമേഹ നിലയിലെ നിരന്തര വ്യതിയാനം
പ്രമേഹ ചികിത്സയിലും രോഗനിര്‍ണ്ണയത്തിലുമെല്ലാം നിരന്തരമായ മാറ്റങ്ങളും പുരോഗതികളും വന്നുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ചില രോഗികള്‍ നിരന്തരമായി പറയുന്ന കാര്യമാണ് അവര്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നും ഇന്‍സുലിനുമൊക്കെ സ്വീകരിക്കുമ്പോള്‍ ഷുഗര്‍ നില പെട്ടെന്ന് താഴ്ന്ന് പോകുന്നു കുറച്ച് കഴിയുമ്പോള്‍ വീണ്ടും വര്‍ദ്ധിക്കുന്നു, ഒരു ദിവസം തന്നെ പല രീതിയില്‍ ഷുഗറിന്റെ വ്യത്യാസം അനുഭവപ്പെടുന്നു എന്നതെല്ലാം. ഗ്ലൂക്കോസ് വെരിയബിലിറ്റി എന്നാണ് ഇതിന പറയുന്നത്. ഇത്തരം രോഗികള്‍ക്ക് ആശ്വാസമായി സി ജി എം എസ് എന്ന പുതിയ ഒരു പരിശോധന നമ്മുടെ നാട്ടില്‍ ലഭ്യമാണ്. കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റം എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം.
വേദനാരഹിതമായ ഒരു സെന്‍സര്‍ ശരീരത്തില്‍ ഘടിപ്പിച്ച് ഒരാഴ്ചക്കാലം തുടര്‍ച്ചയായി ശരീരത്തിലെ ഗ്ലൂക്കോസ് നില വിലയിരുത്തുന്ന പരിശോധനാ രീതിയാണിത്. ആശുപത്രിയില്‍ അഡ്മിറ്റാകാതെ വീട്ടിലിരുന്ന് തന്നെ ഇത് നിര്‍വ്വഹിക്കാന്‍ സാധിക്കും. ഈ പരിശോധന നിര്‍വ്വഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണവും ചെയ്യുന്ന വ്യായാമവും ഓരോ ദിവസത്തെയും തിയ്യതി വെച്ച് കടലാസില്‍ എഴുതി വെക്കണം. ഒരാഴ്ചയ്ക്ക് ശേഷം ഈ കടലാസിലെ വിവരങ്ങളും സെന്‍സറിലെ വിവരങ്ങളും വിശകലനം ചെയ്ത ശേഷം ഏതൊക്കെ ഭക്ഷണം, ഏതൊക്കെ സമയം, ഏതൊക്കെ പഴങ്ങള്‍ കഴിക്കുമ്പോഴാണ് ഷുഗറിന്റെ നിലയില്‍ വ്യത്യാസം വരുന്നതെന്ന് കൃത്യമായി മനസ്സിലാക്കി ഗ്ലൂക്കോസ് വെരിയബിലിറ്റി എന്ന അവസ്ഥയ്ക്ക് വ്യക്തമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കും.
മറ്റ് ചില പുതിയ കണ്ടെത്തലുകള്‍.
പ്രമേഹ രോഗികള്‍ക്ക് ആശ്വാസമായി അവതരിപ്പിക്കപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തലുകളിലൊന്നാണ് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സ്വീകരിച്ചാല്‍ മതിയാകുന്ന ഇന്‍സുലിന്‍. ദിവസം തന്നെ ഒന്നിലധികം തവണ ഇന്‍സുലിന്‍ സ്വീകരിക്കേണ്ടി വരുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ഇതിന് പുറമെ ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന ഷുഗറിനെ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ മൂത്രത്തിലൂടെ ഒഴുക്കിക്കളയുന്ന രീതിയും നിലവില്‍ വന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ചികിത്സയില്‍ സ്വീകരിക്കണമെങ്കില്‍ രോഗിയുടെ ഫോളോ അപ്പ് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട് എന്ന് ഓര്‍മ്മിക്കുക.
ഡോ. നിസാബ് പി പി
സീനിയര്‍ കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍ & ഡയബറ്റോളജിസ്റ്റ്
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍
0 Comments