ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന സപ്ലൈകോ ഓണം ഫെയറിന് മലപ്പുറം ജില്ലയില്‍ തുടക്കമായി. മലപ്പുറം ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ എം.പി അബ്ദുസ്സമദ് സമദാനി എം.പി ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ആദ്യ വില്‍പ്പന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി, സപ്ലൈകോ ഓഡിറ്റ് മാനേജര്‍ ലിസ്റ്റന്‍ പെരേര, കെ. മജ്നു, മുസ്തഫ കൂത്രാടന്‍, ഹാരിസ് ആമിയന്‍, ഇസ്ഹാഖ്, എം.സി ഉണ്ണികൃഷ്ണന്‍, പി.കെ.എസ് മുജീബ് ഹസ്സന്‍, രാജേഷ് കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സപ്ലൈകോ ഡിപ്പോ മാനേജര്‍ എം. സുരേഷ് ബാബു സ്വാഗതവും ഫെയര്‍ ഓഫീസര്‍ ദേവദാസ് നന്ദിയും പറഞ്ഞു. മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു സമീപമുള്ള ക്ലബ് വണ്‍ ടര്‍ഫ് ഗ്രൗണ്ടില്‍ 2500 സ്ക്വയര്‍ഫീറ്റില്‍ ശീതീകരിച്ച പന്തലിലാണ് ഓണം ഫെയര്‍ നടക്കുന്നത്. ആധുനിക സൂപ്പര്‍മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വില്‍പ്പന രീതികളും സൗകര്യങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്. പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിലാണ് ഫെയറില്‍ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. പ്രത്യേക ഓണം ഓഫറുകളും ഗിഫ്റ്റ് വൗച്ചറുകളും വിലക്കുറവുമായിട്ടാണ് ഇത്തവണ ഓണം ഫെയര്‍ നടക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് പുറമെ വന്‍കിട കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറുകളും ലഭ്യമാകും. രാവിലെ 9 മുതല്‍ രാത്രി 9 വരെ ഓണം ഫെയര്‍ പ്രവര്‍ത്തിക്കും. ആഗസ്റ്റ് 28 ന് ഓണം ഫെയര്‍ സമാപിക്കും.
0 Comments