ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം മലപ്പുറം പി.എ.യു ഹാളിൽ നടന്നു. എ.ഡി.സി ജനറൽ പി. ബൈജു അധ്യക്ഷനായി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി.സതീശൻ പ്രവർത്തന റിപ്പോർട്ടും ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ വി.ആർ യശ്പാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത അറ്റാശ്ശേരി, മലപ്പുറം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോസ്മി ജോസഫ്, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ - താലൂക്ക് ആശുപത്രികളോട് ചേർന്ന് ആധുനിക രീതിയിലുള്ള അമ്മത്തൊട്ടിലുകൾ സ്ഥാപിക്കുക, ജില്ലയിലെ ക്രഷ് ജീവനക്കാരുടെ വേതന പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ പ്രമേയങ്ങളും വാർഷിക പൊതുയോഗം അംഗീകരിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച വിപുലമായ ബോധന പരിപാടി, ആദിവാസി ഊരുകളിലും തീരദേശ മേഖലയിലും പ്രത്യേക ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ, ശിശു പരിപാലന കേന്ദ്രത്തിന് സ്വന്തം സ്ഥലം കണ്ടെത്തി സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ ഭാവി പരിപാടികളും വാർഷിക ബജറ്റും പൊതുയോഗത്തിൽ അംഗീകരിച്ചു. ശിശുക്ഷേമ സമിതി ജില്ലാ ജോയിൻ്റ് സെക്രട്ടറി പി. രാജൻ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.
0 Comments