ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന ബാലസൗഹൃദ ഭവനം പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് തവനൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിൽ വച്ച് ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത്തരം പ്രവണതകൾ മലപ്പുറം ജില്ലയിൽ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിയുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി രംഗത്ത് വന്നിട്ടുള്ളത്. ഒരുപക്ഷേ ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലുള്ള ഒരു ആശയം മുന്നോട്ടു വെച്ചിട്ടുള്ളത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ വന്നിട്ടുള്ള കേസുകളിൽ മഹാഭൂരിഭാഗവും കുട്ടികളുടെ വീട്ടിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതാണ് എന്നാണ് കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. അതിൻറെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു ആശയം മുന്നോട്ടുവെക്കാൻ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. 
വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും മറ്റും ശിശു സൗഹൃദമായി സാങ്കേതികമായെങ്കിലും തുടരുമ്പോൾ നമ്മുടെ വീടുകൾ ശിശു സൗഹൃദമാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ നമുക്ക് സാധിക്കാത്ത സാഹചര്യമുണ്ട്. ബാല സൗഹൃദ രക്ഷാകർതൃത്വം എന്നത് ഇന്നും നമുക്ക് അന്യമാണ്. കുട്ടിയും രക്ഷിതാവും തമ്മിലുള്ള ബന്ധം ഊഷ്മളമായാൽ അത് കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. 
ഈ പദ്ധതി നടപ്പാക്കാൻ തവനൂർ നിയോജകമണ്ഡലം എംഎൽഎ ഡോക്ടർ കെ ടി ജലീൽ വലിയ താല്പര്യമാണ് കാണിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത്, കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് ഹെൽപ്പ് ലൈൻ, പോലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകൾ, പി ടി എ കമ്മിറ്റികൾ, വനിതാ ശിശു വികസന വകുപ്പ്, കോളേജുകൾ, രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകൾ, ക്ഷേത്ര, പള്ളി, മദ്രസ കമ്മിറ്റികൾ തുടങ്ങി പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ജനകീയമായ ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

Post a Comment

0 Comments