കോട്ടക്കൽ: അത്യാഹിത വേളകളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഡോക്ടർമാർക്ക് ഏകദിന ശിൽപശാല, കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്നു. ആസ്റ്റർ മിംസ് ആശുപത്രിയിലെ എമർജൻസി വിഭാഗം, അനസ്തേഷ്യ വിഭാഗം, പൾമണോളജി വിഭാഗം, ബയോമെഡിക്കൽ വിഭാഗം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. കുഴഞ്ഞുവീണുള്ള മരണങ്ങളും മറ്റ് അത്യാഹിതങ്ങളും വർധിച്ചതോടെ ഇത്തരം സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഡോക്ടർമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. അത്യാഹിത സമയങ്ങളിൽ രോഗിക്ക് കൃത്രിമ ശാസോച്ഛാസം നൽകുന്നതുൾപ്പെടെയുള്ള പ്രായോഗിക പരിശീലനങ്ങളും ക്ലാസുകളുമാണ് നടത്തിയത്. ശില്പശാലയുടെ ഉദ്ഘാടനം സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. നിസാബ് പി. പി നിർവഹിച്ചു. വെന്റിലേറ്റർ സജ്ജീകരിക്കേണ്ട രീതി, വെന്റിലേറ്ററിന്റെ പ്രവർത്തനങ്ങൾ, വെന്റിലേറ്റർ മോണിറ്ററിങ്, ട്രബിൾഷൂട്ടിംഗ് & അലാം സിസ്റ്റം, ഹാൻഡ്സ് ഓൺ സിമുലേഷൻ, ലങ് മെക്കാനിസം, എ.ബി.ജി, മെക്കാനിക്കൽ വെന്റിലേഷൻ തുടങ്ങിയ വിഷയങ്ങളിൽ അത്യാഹിത വിഭാഗത്തിലെ ഡോ. ഷാഫി, ഡോ. ഷാനിഫ്, കൺസൾട്ടന്റ് അനസ്തേഷ്യോളജിസ്റ്റ് ഡോ. ശ്രീദേവി ഹരി, കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. ഗസൻഫർ ശെെഖ് എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നായി 50-തിലേറെ ഡോക്ടർമാർ പങ്കെടുത്തു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡെപ്യൂട്ടി സി.എം.എസ് ഡോ. സുമിത് എസ് മാലിക്ക് നിർവഹിച്ചു.
0 Comments