ad

Ticker

6/recent/ticker-posts

ഇരട്ട കുട്ടികളെ കൊലപ്പെടുത്തിയിന് ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

തലവടി (കുട്ടനാട് ):കൊച്ചു കൂട്ടുകാർക്കൊപ്പം അങ്കണവാടിയിൽ ഓടിക്കളിച്ച ഇരട്ട സഹോദരങ്ങളുടെ ആ ചിരികള്‍ മാഞ്ഞു. വ്യാഴാഴ്ച അങ്കണവാടിയില്‍ നിന്നും ടീച്ചറോടും സഹാപാഠികളോടും യാത്രപറഞ്ഞു പിരിഞ്ഞ ആദിയും, അദിലും ഒരു നാടിന്റെ തേങ്ങലായി മാറി. രോഗവും സാമ്പത്തിക പരാധീനതയും തളർത്തിയതോടെ പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ അകാലത്തിൽ പൊലിഞ്ഞ ഇരട്ട സഹോദരങ്ങളാണ് നാട്ടുകാരിൽ നൊമ്പരമായത്. തലവടി തെക്ക് 52-ാം നമ്പർ അങ്കണവാടിയിലാണ് ആദിയും അതുലും പഠിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ 3 വയസ്സ് തികഞ്ഞതോടെ മറ്റു കൂട്ടുകാര്‍ക്ക് ഒപ്പം അങ്കണവാടിയിൽ ചേർക്കണമെന്ന് ആദിയും, അദിലും ശാഠ്യം പിടിച്ചു. മക്കളുടെ ആഗ്രഹം സുനു സാധിച്ചു നൽകി. ദിവസത്തിനുള്ളിൽ ഇരട്ട സഹോദരങ്ങൾ കൊച്ചുകുട്ടികൾക്ക് ഇടയിൽ മാത്രമല്ല ജീവനക്കാർക്കുള്ളിലും ഇടം നേടി. ഒൻപതു വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ സുനു, സൗമ്യ ദമ്പതികൾക്ക് കുട്ടികളില്ലാത്തതിനെ തുടർന്ന് ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ട സഹോദരങ്ങളായി ആദിയും, അദിലും പിറന്നത്. വീട്ടുകാർക്കും നാട്ടുകാർക്കും സഹപഠികൾക്കും ഏറെ പ്രിയങ്കരരായിരുന്ന ഇരട്ട സഹോദരങ്ങളുടെ ചേതനയറ്റ മൃതദേഹം കാണാൻ കഴിയാതെ ഓടികൂടിയവർ കണ്ണീർവാർത്തു. ഒരുപുതപ്പിനുള്ളിൽ അന്ത്യയാത്ര പറഞ്ഞ ഇരുവരുടേയും മുതദേഹം പോസ്റ്റുമോർട്ടത്തിന് എടുത്തപ്പോൾ സ്ത്രീകളും കുട്ടികളും വാവിട്ട് കരഞ്ഞു. മരണത്തിന് തലേ ദിവസവും മുറ്റത്തു കൂടി ഓടിക്കളിച്ച ആദിയും, അദിലും നാട്ടുകാരുടെ മുൻപിൽ വിങ്ങുന്ന ഓർമ്മകളായി തീർന്നു. കുട്ടികളുടെ മൃതദ്ദേഹം കട്ടിലിലും ദമ്പതികൾ കെട്ടിതൂങ്ങിയ നിലയിലുമായിരുന്നു. കുടുംബ വീടിന് സമീപം സുനു സ്വന്തമായി നിർമ്മിച്ച വീട്ടിലാണ് മ്യതദേഹങ്ങൾ കണ്ടത്. വെള്ളിയാഴ്ച രാവിലെ സുനുവിന്റെ മാതാവ് ചാരിയിട്ട മുൻവാതിലിലൂടെ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ കട്ടിലിൽ പുതപ്പു കൊണ്ട് മൂടിയ നിലയിൽ കുട്ടികൾ കിടക്കുന്നതായി കണ്ടു. കുട്ടികൾ ഉറക്കമുണർന്നില്ലെന്ന് കരുതി കട്ടിലിന് അടുത്ത് എത്തിയെങ്കിലും അലമാരിയുടെ മറവിലെ റൂഫിന്റെ ഹുക്കിൽ ഒറ്റകയറിൽ തൂങ്ങിനിൽക്കുന്ന സുനുവിന്റേയും സൗമ്യയുടേയും മൃതദേഹം ആദ്യം ശ്രദ്ധയിൽ പെട്ടിരുന്നില്ല. പിന്നീടുള്ള അന്വഷണത്തിലാണ് മൃതദ്ദേഹം കണ്ടത്. വിദേശത്ത് ജോലി ചെയ്തു വരുകയായിരുന്ന സുനു രണ്ട് വർഷം മുൻപ് നട്ടെല്ലിന്റെ ഓപ്പറേഷനെ തുടർന്ന് നാട്ടിൽ തിരികെ എത്തിയിരുന്നു. സുനു നാട്ടിലെത്തിയതോടെ ഭാര്യ സൗമ്യ കുവൈറ്റിൽ ജോലി തേടിയെത്തി. പ്രിയപെട്ട മക്കളുടെ ജന്മദിനം ആഘോഷിക്കാൻ മൂന്ന് മാസം മുൻപ് നാട്ടിൽ എത്തിയ സൗമ്യ തിരികെ മടങ്ങാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ ബ്ലഡ് കാൻസർ രോഗബാധിതയാണെന്ന് തിരുവനന്തപുരം ആർ.സി.സിയിൽ രോഗം സ്ഥിതീകരിച്ചത്. ഇതോടെ കുടുംബം മാനസികമായി തകർന്നിരുന്നു. രണ്ടുവർഷം മുൻപാണ് ബാങ്കിൽ നിന്ന് ലോണെടുത്തും സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചു പുതിയ വീട് നിർമ്മിച്ചത്. എന്നാൽ രോഗം വില്ലനായി എത്തിയതോടെ ചികിത്സ ചിലവ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചു. രോഗമാണ് ജീവനൊടുക്കാൻ കാരണമെന്ന് സൗമ്യയുടെ ആത്മഹത്യ കുറുപ്പിൽ എഴുതി വെച്ചിട്ടുണ്ട്. സാമ്പത്തിക പരാധീനത കുടുംബത്തെ ഏറെ ഉലച്ചതായി നാട്ടുകർ പറയുന്നു. എടത്വാ പോലീസിന്റെ നേതൃത്വത്തിൽ ഫിംഗർ പ്രിന്റ് വിദഗ്ദർ സ്ഥലത്തെത്തി പരിശോധിച്ചു. ദമ്പതികളുടെ മൃതദേഹം ആദ്യം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയങ്കിലും ഫിംഗർ പ്രിന്റ് വിദഗ്ദർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് കുട്ടികളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റിയത്. കുട്ടികളുടെ മരണകാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് വിട്ടു. സംസ്ക്കാരം നാളെ  3.30ന് വീട്ടുവളപ്പിൽ നടത്തും. തോമസ് കെ.തോമസ് എം.എൽ.എ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

Post a Comment

0 Comments