ad

Ticker

6/recent/ticker-posts

മുസ്ലിം ലീഗ് സമരം ഫലം കണ്ടില്ല; എംഎൽഎമാർ എത്തിയിട്ടും ടോൾ പിരിവ് ഒരു മണിക്കൂർ പോലും നിർത്തിവെക്കാൻ കഴിഞ്ഞില്ല

വളാഞ്ചേരി: ദേശീയപാത നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ വെട്ടിച്ചിറയിൽ ആരംഭിച്ച ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽ–തിരൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഫലം കണ്ടില്ല. ശക്തമായ പ്രതിഷേധവും എംഎൽഎമാരുടെ സാന്നിധ്യവും ഉണ്ടായിട്ടും ടോൾ പിരിവ് ഒരു മണിക്കൂർ പോലും നിർത്തിവെക്കാൻ സമരക്കാർക്ക് സാധിച്ചില്ല.

കുറ്റിപ്പുറം പാലം, വളാഞ്ചേരിയിലേക്കുള്ള സർവീസ് റോഡ് നിർമ്മാണം, കൂരിയാട് പാലം നിർമ്മാണം തുടങ്ങിയ നിർണായക പദ്ധതികൾ പാതിവഴിയിലായിരിക്കെയാണ് ടോൾ പിരിവ് ആരംഭിച്ചതെന്നാരോപിച്ചാണ് മുസ്ലിം ലീഗ് സമരരംഗത്തിറങ്ങിയത്. വെട്ടിച്ചിറയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് സർവീസ് റോഡ് വഴി ടോൾ ബൂത്തിലേക്ക് നീങ്ങിയെങ്കിലും പോലീസ് വടംകെട്ടി മാർച്ച് തടഞ്ഞു.


തുടർന്ന് നടന്ന പ്രതിഷേധ സംഗമം കോട്ടക്കൽ എംഎൽഎ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. തിരൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. സൈതലവി മാസ്റ്റർ, തിരൂർ നിയോജകമണ്ഡലം പ്രസിഡന്റ് കോട്ടയിൽ കരീം, കോട്ടക്കൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, സിദ്ദീഖ് പരപ്പാര എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.പി. വഹീദ, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസിനാ വട്ടോളി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. അജയൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി. സബാഹ്, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഒ.കെ. സുബൈർ, കെ.ടി. ആസാദലി, സലാം ആതവനാട്, അഡ്വ. പി.പി. ഹമീദ് എന്നിവരും വിവിധ ജനപ്രതിനിധികളും നേതൃത്വം നൽകി.

എന്നാൽ സമരം ശക്തമായിരുന്നുവെങ്കിലും ടോൾ പിരിവ് തടയുന്നതിൽ യാതൊരു പുരോഗതിയും ഉണ്ടാകാതിരുന്നത് പ്രതിഷേധക്കാരിലും നാട്ടുകാരിലും കടുത്ത നിരാശയുണ്ടാക്കി.

Post a Comment

0 Comments