ad

Ticker

6/recent/ticker-posts

ഹരിതചട്ടം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം: ജില്ലാ കളക്ടർ

മത-സാംസ്‌കാരിക പരിപാടികളിൽ ഹരിതചട്ടം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ താഴെതട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കളക്ടറുടെ ചേംബറിൽ ചേർന്ന മതനേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും മാലിന്യം കുന്നുകൂടുന്നത് തടയണം. ഉത്സവ കാലത്തും നോമ്പ് കാലത്തും ഉണ്ടായേക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളുടെയും ഡിസ്‌പോസിബിൾ പ്ലേറ്റ്, ഗ്ലാസ് എന്നിവയുടെ ഉപയോഗം പൂണ്ണമായി ഒഴിവാക്കണം. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്റ്റീൽ ഗ്ലാസ്സ്, പ്ലേറ്റ് മറ്റു വസ്തുക്കൾ എന്നിവയുടെ ഉപയോഗം ശീലിക്കണം. മാലിന്യം തരംതിരിച്ച് കയറ്റി അയക്കാൻ ഹരിതകർമ്മ സേനയുടെ സേവനം ഉറപ്പാക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു. നിയമലംഘനങ്ങൾ തടയുന്നതിന് പരിശോധന ശക്തമാക്കും. മത സ്ഥാപനങ്ങളിലും മത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹരിതചട്ടം പാലിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കുന്ന രീതിയിലുള്ള ബോർഡുകൾ പ്രദർശിപ്പിക്കും. കൂടാതെ ബയോ കമ്പോസ്റ്റ് യൂണിറ്റുകളും സ്ഥാപിക്കും. മാലിന്യം കത്തിക്കുന്നതിനെതിരെയും വലിച്ചെറിയുന്നതിനെതിരെയും ബോധവത്കരണം ശക്തമാക്കും. ഇതിനുവേണ്ടി മതനേതാക്കളുടെ ബോധവത്കരണ വീഡിയോകൾ ചിത്രീകരിച്ച് ക്യാമ്പയിൻ ശക്തമാക്കും. സമൂഹ നോമ്പുതുറ, സമൂഹ സദ്യ തുടങ്ങിയ പരിപാടികളിൽ ഹരിതചട്ടം പ്രാവർത്തികമാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പി.ബി ഷാജു, ശുചിത്വ മിഷൻ കോഡിനേറ്റർ ആതിര, മാന്യമുക്ത നവകേരളം കോഡിനേറ്റർ ബീന സണ്ണി, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ സിറാജുദ്ധീൻ വിവിധ മതനേതാക്കൾ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments