മാന്നാർ: ഓണക്കാല ജലമേളകളിൽ പ്രശസ്തമായ 59 മത് മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ 1 ന് ഉച്ചക്ക് 2 മണി മുതൽ മാന്നാർ കൂര്യത്ത് കടവിലുള്ള മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുവാൻ തീരുമാനിച്ചതായി ജലോത്സവ സമിതി ഭാരവാഹികളായ ജനറൽ കൺവീനർ അഡ്വ. എൻ ഷൈലാജും, ജനറൽ സെക്രട്ടറി ടി കെ ഷാജഹാനും അറിയിച്ചു.
നെഹ്റു ട്രോഫി ജലമേളകളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന 12 ചുണ്ടൻ വള്ളങ്ങളും, 6 ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും മറ്റ് ചെറുവള്ളങ്ങളും ഉൾപ്പെടെ നാൽപതിൽ പരം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ചലച്ചിത്ര താരങ്ങളും വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടെ പതിനായിര കണക്കിന് കാണികളായി ഇത്തവണയും ജലമേള കാണാൻ എത്തിച്ചേരും.
ജലമേളയുടെ വിജയകരമായ നടത്തിപ്പിന് ആന്റോ ആന്റണി എം പി, കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രി സജി ചെറിയാൻ, അഡ്വ. മാത്യു ടി തോമസ് എംഎൽഎ, പ്രൊഫ. പി ജെ കുര്യൻ, സ്വാമി പത്മശ്രീ വിശുദ്ധാനന്ദ, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ രക്ഷാധികാരികളായും, അഡ്വ. എൻ ഷൈലാജ് ജനറൽ കൺവീനർ, ടി കെ ഷാജഹാൻ ജനറൽ സെക്രട്ടറി, സോമരാജ് സെക്രട്ടറി, അമ്പോറ്റി ചിറയിൽ, രവി തൈച്ചിറ, അജോയ് കടപ്പിലാരിൽ, മോൻ തുണ്ടിയിൽ, അശ്വിനി പണിക്കർ, ഐപ്പ് ചക്കിട്ട, സാബു ട്രാവൻകൂർ എന്നിവർ ഭാരവാഹികളായി കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
മഹാത്മാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ 100-ാം വർഷം ആഘോഷിക്കുന്ന ഈ വർഷത്തിൽ ശ്രീമതി പ്രിയങ്ക ഗാന്ധി എംപിയെ ജലോത്സവത്തിന് ക്ഷണിച്ചതായി ഭാരവാഹികൾ അറിയിച്ചു.
0 Comments