ad

Ticker

6/recent/ticker-posts

തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്  വ്യാപാരി വ്യവസായി സമിതി ധർണ്ണ സംഘടിപ്പിച്ചു.

എടത്വ :  തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തകഴി ഏരിയാ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു.ധർണ തകഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.തകഴി ഏരിയ പ്രസിഡന്റ്‌ കെ ആർ ഗോപകുമാർ  അദ്ധ്യക്ഷത വഹിച്ചു.തകഴി റെയിൽവെ മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള പ്രമേയം അവതരിപ്പിച്ചു.




തകഴി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അംബിക ഷിബു, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജയചന്ദ്രൻ കലാംകേരി,വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ശാശങ്കൻ,അംഗങ്ങളായ സിന്ധു ജയപ്പൻ,റീന മതികുമാർ, ജില്ലാ പ്രസിഡന്റ് എംഎം ഷെരിഫ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, എടത്വ വികസന സമിതി പ്രസിഡൻ്റ് ഐസക്ക് എഡ്വേർഡ്,ജിജി ചിത്രം, വിനീഷ് കുമാർ,ജെയിമി സിന്ധ്യ,വിജയൻ ശാസ്ത,അശോകൻ ചുറ്റിസ്‌,മഹേശ്ശൻ നായർ,കെ അനുകുട്ടൻ വിരുപ്പാല  എന്നിവർ പ്രസംഗിച്ചു.




തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്.'ലെവൽ ക്രോസ് മുക്ത കേരളം' പദ്ധതിയിലൂടെ തകഴിയിൽ ലെവൽക്രോസ് ഒഴിവാക്കി മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.റെയിൽ​വെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞു കിടക്കുന്നത്​ മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്.




കെ.എസ്​.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്.അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്.അഗ്നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നു. പുറക്കാട് സ്മ്യതി വനത്തിലെ പുൽത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോൾ അഗ്നി രക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കിൽ കിടക്കേണ്ടി വന്നു.ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്ത് ഇതിലെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുണ്ടാകുന്ന തടസ്സം  പരിഹരിക്കാൻ തകഴിയിൽ മേൽപാലം പണിയാൻ നടപടി ഉണ്ടാകണമെന്ന്   വ്യാപാരി വ്യവസായ സമിതി ആവശ്യപെട്ടു.


Post a Comment

0 Comments