ad

Ticker

6/recent/ticker-posts

തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന മാതൃകയാകുന്നു; വിദ്യാര്‍ഥികള്‍ക്ക് സ്പോർട്സ് യൂണിഫോം വിതരണം ചെയ്തു 

എടത്വാ  : തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക്  സ്പോർട്സ് യൂണിഫോം വിതരണം ചെയ്തു.

സ്ക്കൂൾ ഹെഡ് മാസ്റ്റർ റെജിൽ സാം മാത്യൂ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റവ മാത്യൂ പി.ജോർജ് ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ എബി മാത്യു ചോളകത്ത്,   അഡ്വ. ഐസക്ക് രാജു,സൂസൻ വി.ഡാനിയേൽ, ആൻസി ജോസഫ്, സാനി എം. ചാക്കോ, ആർ ശ്രീകാന്ത്, എം.കെ സംഗീത ,എ കൊച്ചുമോൾ, സെഫി എൽസ തോമസ്, അഞ്ജു വീണ രാജപ്പൻ, സലീന കെ. എസ്, നിഷ എസ്, റെജീന സാമുവേൽ, ജോബിൻ ജോൺസൺ, സ്കൂൾ ലീഡർ റിയൽ റോബി തോമസ്  എന്നിവർ  പ്രസംഗിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍  ആരംഭിക്കുന്ന വായന  മുറിയുടെ ഉദ്ഘാടനം 26ന്   3.30ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

1840ൽ  സ്ഥാപിതമായ തലവടി കുന്തിരിയ്ക്കൽ സിഎംഎസ് ഹൈസ്ക്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടന വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍  ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വം വഹിക്കുന്നു.ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത  വിജയം നേടിയ  വിദ്യാർത്ഥിനിയായ ജോസ്മി അന്ന വർഗ്ഗീസിന് പ്രഥമ റവ തോമസ് നോർട്ടൺ പ്രതിഭാ പുരസ്ക്കാരം സമ്മാനിച്ചിരുന്നു.

സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍  വര്‍ദ്ധിപ്പിക്കുന്നതിനും സംഘടന ഒപ്പം ഉണ്ട്. മനോഹരമായ കൊടിമരം  നിർമ്മിച്ച് നല്കിയതിന് ശേഷം സ്കൂളിന്റെ  ഭിത്തികൾ പെയിന്റ് അടിച്ച്  നല്കി.കൂടാതെ കുരുന്നു വിദ്യാർത്ഥികൾക്ക് ആകർഷകമായ നിലയിൽ നഴ്സറി ക്ളാസ് റൂം 'വണ്ടർ ബീറ്റ്സ് ' സജ്ജമാക്കി  നല്കി. വായന ശീലം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ബോധവത്ക്കരണ പഠന ശില്പശാലകളും പത്രങ്ങളും നല്കി വരുന്നു.ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത് കൂടാതെ  ഇക്കഴിഞ്ഞ അവധിക്കാലത്ത് ഒരാഴ്ച നീണ്ട് നിന്ന ബാഡ്മിന്റൺ പരിശീലന കളരിയും നടത്തി.സാമ്പത്തീക ബുദ്ധിമുട്ട് നേരിടുന്ന ഭവനങ്ങളിൽ നിന്നും  എത്തുന്ന വിദ്യാർത്ഥികൾക്ക് പഠനനോപകരണ കിറ്റുകളും നല്കി വരുന്നു.



തലവടി  സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയ മുത്തശ്ശി നാടിന് അക്ഷര വെളിച്ചം പകർന്ന് നിലകൊളളുന്നു. രാഷ്ടീയ സാസ്കാരിക സാമൂഹിക ആരോഗ്യ ശാസ്ത്ര സാഹിത്യ ആത്മീയ രംഗങ്ങളിലെ പ്രമുഖര്‍  ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.




Post a Comment

0 Comments