തലവടി : തലവടി തെക്ക് സാൽവേഷൻ ആർമി പള്ളി - പൊയ്യാലുമാലിൽ പടി റോഡിൽ ജനകീയ ശ്രമദാനത്തിലൂടെ കലുങ്ക് നിർമ്മിച്ചു.ഈ റോഡിന്റെ മധ്യ ഭാഗത്തു ഉണ്ടായിരുന്ന കലുങ്ക് ആണ് ജനകീയ ശ്രമദാനത്തിലൂടെ നിർമ്മിച്ചത്.തലവടി പഞ്ചായത്തിലെ 12-ാം വാര്‍ഡിലൂടെ കടന്ന് പോകുന്ന പ്രധാന മന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിലേക്ക് എത്തുന്നതിനുള്ള ഏക റോഡാണ് ഇത്.ചൂട്ടുമാലി പാട ശേഖരത്തേക്ക് വെള്ളം കയറ്റുവാൻ കഷ്ടിച്ച് നടന്നു പോകാവുന്ന വീതി മാത്രം ഉള്ള ചെറിയ കലുങ്ക് ആണ് ഈ റോഡിന്റെ മധ്യ ഭാഗത്ത് ഉണ്ടായിരുന്നത്. 700 മീറ്റർ ദൈർഘ്യം വരുന്ന ഈ റോഡിന്റെ ഇരുവശത്തും ഇരൂപതിലധികം കുടുംബങ്ങൾ താമസിക്കുന്നു. ഈ വഴിയിൽ വെച്ച് നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഒരാൾ കുഴഞ്ഞ് വീഴുകയും വീതി കുറഞ്ഞ കലുങ്കിലൂടെ ആംബുലൻസ് എത്താൻ സാധിക്കാഞ്ഞത് മൂലം ആശുപത്രിയിലേക്ക് എത്തിക്കാൻ വൈകിയതു നിമിത്തം അദ്ദേഹം മരണപ്പെട്ടിരുന്നു.സ്ഥലം ഉടമ ജേക്കബ് മാത്യൂ കണിച്ചേരിൽ നല്കിയ അനുവാദത്തോടെയാണ് കലുങ്ക് നിർമ്മാണം പൂർത്തിയാക്കിയത്.വെള്ളപൊക്ക സമയത്ത് ഇവിടെ ഒരു മീറ്റർ ഉയരത്തിൽ വെള്ളം കയറുന്നത് മൂലം പ്രധാന റോഡിൽ എത്തുന്നത് ദുഷ്കരമാണ്.
യാത്ര ക്ലേശവും കുടിവെള്ളം ക്ഷാമവും പരിഹരിക്കുക,വഴി വിളക്ക് സ്ഥാപിക്കുക എന്നിവ ആവശ്യപ്പെട്ട്
പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുള,മനോജ് മണക്കളം എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്കിയിരുന്നു.2023 ആഗസ്റ്റ് 6ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഇവിടം സന്ദർശിച്ച് പഞ്ചായത്ത് സെക്രട്ടറി ജി.വി വിനോദ്കുമാറിനെ സ്ഥലത്ത് വിളിച്ച് വരുത്തി ഈ റോഡിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിനും, റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും, പൊതു ടാപ്പുകൾ പ്രദേശത്ത് ഇല്ലാത്ത സാഹചര്യത്തിൽ ശുദ്ധ ജല വിതരണം നടത്തുന്നതിനും എടുത്തിട്ടുള്ള നടപടി രേഖ മൂലം സമർപ്പിക്കുന്നതിന് നിർദ്ദേശം നല്കിയിരുന്നു.ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളിയും സ്ഥലം സന്ദർശിച്ചിരുന്നു.കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന ഈ പ്ര ദേശത്തെ കിണറുകളില വെള്ളത്തിൻ്റെ ഗുണമേന്മ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ഉത്തരവിട്ടതിനെ തുടർന്ന് അസിസ്റ്റൻൻ്റ് എഞ്ചിനിയർ ആര്യ പ്രസന്നനൻ്റെ നേതൃത്വത്തിലുള്ള സംഘം വിവിധ കിണറുകളിൽ നിന്നും ജലം ശേഖരിച്ചിരുന്നു.ഇപ്പോള്‍ കുടി വെള്ളം എത്തിക്കാൻ പൈപ്പ് ലൈന്‍ വലിച്ചെങ്കിലും ഇനിയും എത്ര നാള്‍ കാത്തിരിക്കണമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
ഇപ്പോഴും ഈ വഴി കൂരിരിട്ടിലാണ്.ഇതു വഴി ഇലക്ട്രിക്ക് ലൈനുകൾ വലിച്ച് വഴിവിളക്ക് സ്ഥാപിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇത് വരെ പ്രാബല്യത്തിലാക്കിയിട്ടില്ല.
ഇതിനിടയിൽ പ്രദേശം സന്ദർശിച്ച എംഎൽഎ തോമസ് കെ തോമസ് റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കലുങ്ക് നിർമ്മാണത്തിന് മനോജ് മണക്കളം, ജോയി കുന്നേൽ, കമലൻ പൊയ്യാലുമാലിൽ, ശ്രീജയൻ മറ്റത്ത്, മഹേഷ് അനിയപ്പൻ,ഉണ്ണികൃഷ്ണന്‍ പുത്തൻപുരയിൽ,അനിയൻ വാഴക്കൂട്ടത്തിൽ,ജോബിൻ മടയാടിൽ, സുരേന്ദ്രന്‍ നാലിൽചിറ,പി.കെ രാജീവ്,ജയൻ പാലപറമ്പ്,സദാനന്ദന്‍ സുനിൽ ഭവനം , ബെന്നി , ലാലച്ചൻ എന്നിവർ നേതൃത്വം നല്‍കി.

0 Comments