ad

Ticker

6/recent/ticker-posts

പാഠങ്ങൾ പഠിക്കുന്നതോടൊപ്പം പാടത്തെക്കുറിച്ചും പഠിക്കാൻ വിദ്യാർഥികൾ തയ്യാറാകണം : തോമസ് കെ.തോമസ് എം.എൽ.എ.

ചമ്പക്കുളം : വിദ്യാലയങ്ങളിൽ പാഠങ്ങൾ പഠിക്കുന്നതോടൊപ്പം പാടത്തെക്കുറിച്ചും കൃഷിരീതികളെകുറിച്ചും പഠിക്കാൻ വിദ്യാർത്ഥികൾ തയ്യാറായാൽ പ്രകൃതി സ്നേഹം വളർത്താൻ കഴിയുമെന്ന് കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് പറഞ്ഞു.വീട്ടുപറമ്പിൽവിവിധയിനം പച്ചക്കറികളും പൂക്കൃഷികളും ചെയ്യാൻ മാതാപിതാക്കളോടൊപ്പം കുട്ടികൾ മുന്നോട്ടു വരണം. 
ചമ്പക്കുളം സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ഫാർമേഴ്സ് ക്ലബ്ബിലെ വിദ്യാർഥികൾ ചമ്പക്കുളം ബസ്സ് സ്റ്റാൻഡിന് സമീപമുള്ള വയലിൽ  അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്ത നെൽകൃഷിയുടെ രണ്ടാമത് വിളവെടുപ്പായ ' *കൊയ്ത്തുത്സവം* ' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നെടുമുടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി മന്മഥൻ നായർ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ മാനേജർ റവ.ഡോ.ജെയിംസ് പാലയ്ക്കൽ പി.റ്റി.എ.പ്രസിഡന്റ് സാജു ആന്റണി കടമാട്, ഹെഡ് മാസ്റ്റർ പ്രകാശ് ജെ.തോമസ് എന്നിവർ പ്രസംഗിച്ചു.
എസ്.എസ്എൽ.സി.പരീക്ഷയിൽ 100 ശതമാനം വിജയവും 44 ഫുൾ എ.പ്ലസും നേടി കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും ശാസ്ത്ര ഗണിതശാസ്ത്ര ഐടി മേളകളിലും മങ്കൊമ്പ് ഉപജില്ല സ്കൂൾ കായികമേളയിലും കലോത്സവത്തിലും യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്ത വിദ്യാർഥികളെ യോഗത്തിൽ അഭിനന്ദിച്ചു. 
അദ്ധ്യാപകരായ ബിൽബി മാത്യു, ഫിലിപ്പോസ് തത്തംപള്ളി, സ്റ്റുഡൻ്റ്സ് ഫാർമേഴ്സ് ക്ലബ്ബ് കോർഡിനേറ്റർ  സിന്ധു ഫിലിപ്സ്,ബിന്നി ജോസഫ് , ആൽബർട്ട് എം.ജോൺ, സിസ്റ്റർ റെനിറ്റ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments