തൃശൂർ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെതിരെ നൽകിയ പരാതിയിൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാരോപണം.
ഒരു മാസത്തിലേറെയായി നീതിക്കായി അലഞ്ഞു നടക്കുന്ന യുവതി, ഭർത്താവിന്റെയും കൂട്ടാളികളുടെയും ക്രൂര പീഡനങ്ങൾക്ക് ഇരയായതായാണ് പരാതിയിൽ പറയുന്നത്. വിവാഹസമ്മാനമായി ലഭിച്ച 26 പവൻ സ്വർണ്ണവും 5 ലക്ഷം രൂപയും തിരിച്ചു നൽകാതെയും, "സ്വർണ്ണം പോര" എന്ന പേരിൽ പീഡനം തുടരുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
ഭർത്താവായ മുഹമ്മദ് ഖാസിം, ഭർത്താവിന്റെ ഉപ്പയും ഉമ്മയും, കൂടാതെ ഭർത്താവിന്റെ സുഹൃത്തുക്കളായ ആലുവ സ്വദേശികളായ നിസ്സാം, കബീർ എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. ഭർത്താവിനെ ഉൾപ്പെടുത്തി ആകെ ആറ് പേർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ IPC 1860-ലെ 498-A, 354 വകുപ്പുകൾ ചേർത്ത്, 0952 എന്ന നമ്പറിൽ ചാവക്കാട് പോലീസ് FIR രജിസ്റ്റർ ചെയ്തതായും, എന്നാൽ കേസിൽ അറസ്റ്റടക്കമുള്ള തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.
ഗൗരവമായ സ്ത്രീപീഡന പരാതിയാണെങ്കിലും അന്വേഷണത്തിൽ പോലീസ് അനാസ്ഥ കാണിക്കുന്നതായുള്ള ആരോപണം ശക്തമായതോടെ, നീതി തേടി മേൽനടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അതിജീവിത.

0 Comments