ശബരിമലയിൽ നടന്നുവെന്നാരോപിക്കുന്ന സ്വർണ്ണക്കള്ളക്കടത്തിന് നേതൃത്വം നൽകിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ഉയർത്തി എടയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി. മകരവിളക്ക് ദിനത്തിൽ എടയൂർ മണ്ഡലം കോൺഗ്രസ് വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ചടങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. ടി. അസീസ് ഉദ്ഘാടനം ചെയ്തു. ശബരിമല വിശ്വാസികളുടെ വികാരങ്ങളെ അവഗണിച്ചും ഗുരുതര ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിച്ചും സർക്കാർ മുന്നോട്ടുപോകുകയാണെന്നും ഇത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുതാര്യമായ അന്വേഷണം നടത്താനും കുറ്റക്കാർക്ക് എതിരായി ശക്തമായ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതവിശ്വാസവും നിയമവ്യവസ്ഥയും തമ്മിലുള്ള സമതുലിതത്വം കാത്തുസൂക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആസിഫ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. വിശ്വാസികളുടെ അവകാശങ്ങളും ശബരിമലയുടെ പരിശുദ്ധിയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും യുവജനങ്ങൾ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് എടയൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുധീഷ് പൂക്കാട്ടിരി, പി. ടി. സുധാകരൻ, എ. കെ. മാനു, പി. ടി. അയ്യപ്പൻ, ഫൈസൽ മാളിയേക്കൽ, വി. പി. അലി, എം. വി. വിപിൻ, വൈശാഖ്, ടി. ഷൗക്കത്ത് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ശബരിമലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും, സർക്കാർ നിലപാടുകൾ തിരുത്തിയില്ലെങ്കിൽ പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
മകരവിളക്ക് ദിനത്തിൽ നടന്ന ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കൽ ചടങ്ങ് വിശ്വാസികളുടെ ഐക്യവും പ്രതിഷേധവും പ്രകടമാക്കുന്ന ശ്രദ്ധേയമായ സംഭവമായി മാറി.

0 Comments