തിരുവല്ല: ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്ന് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ 'ഹാർട്ട്ബീറ്റ്സിൻ്റെ' സുവർണ്ണ ജൂബിലി ആഘോഷം തിരുവല്ല മഞ്ഞാടി സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവം നമ്മെ സ്നേഹിച്ചത് പോലെ നാം മറ്റുള്ളവരെ യും സ്നേഹിക്കണം.നാം ജീവിക്കേണ്ടത് മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും നാം പ്രകാശ ഗോപുരമായി മാറണമെന്നും മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
ജീവിതത്തെ സ്പർശിക്കുന്ന ഏറ്റവും വലിയ ശക്തിയാണ് സംഗീതം. അതിരുകൾ, സംസ്കാരങ്ങൾ, തലമുറകൾ എന്നിവയെ മറികടക്കുന്ന ഒരു സാർവത്രിക ഭാഷയാണ്. നമ്മുടെ വികാരങ്ങളെ ഉൾപ്പെടുത്താനും, നമ്മുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാനും, സർഗ്ഗാത്മകത വളർത്താനും അതിന് സവിശേഷമായ കഴിവുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, ബിഷപ്പ് തോമസ് സാമുവൽ, ബിഷപ്പ് സണ്ണി ഏബ്രഹാം, പാസ്റ്റർ രാജു പൂവക്കാല, റവ. സജി മാത്യൂ, സണ്ണി ജോർജ്ജ്, സുവിശേഷകൻ ജോർജ് ചാക്കോ, റവ. ഉമ്മൻ കെ.ജേക്കബ്, വി.ടി.ജോൺസൺ, തമ്പി കുര്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഹാർട്ട്ബീറ്റ്സിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം നടന്നു. ആരംഭകാല പ്രവർത്തകരായ മാത്യു ജോൺ, സിബി ഫിലിപ്പ് പാലാത്ര എന്നിവരെ ആദരിച്ചു. സുവിശേഷീകരണത്തിനും ശിഷ്യത്വത്തിനും സംഗീതം ഉപയോഗിക്കുന്ന ഒരു ക്രിസ്ത്യൻ സംഘടനയായ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
✒️ ഡോ. ജോൺസൺ വി ഇടിക്കുള

0 Comments