ad

Ticker

6/recent/ticker-posts

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ തുടർച്ചയായി അപകടം ; സ്ഥലം എംഎൽഎ ഉൾപ്പെടെ അധികൃതര്‍ സന്ദർശിച്ചു. പരിഹാരത്തിന് നിർദ്ദേശം.

എടത്വാ: മരണം പതിയിരിക്കുന്ന എടത്വാ വെട്ടുതോട് വളവ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിന് സമീപത്തെ വളവാണ് യാത്രക്കാർക്ക് പേടിസ്വപ്നമായി മാറുന്നത്. സംസ്ഥാന പാത നവീകരണത്തിന് ശേഷം 4 മരണങ്ങളും അൻപതിലേറെ അപകടങ്ങളും ഈ ഭാഗത്ത് നടന്നിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് എടത്വാ കളങ്ങര കോട്ടവിരുത്തില്‍ റെജി കെ. ജേക്കബ്ബിന്റെ മകന്‍ രഞ്ജു ജേക്കബ്ബ് മാത്യു (24) സഞ്ചരിച്ച ബൈക്ക് നീയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ആലപ്പുഴയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത  യുവാക്കള്‍  ബൈക്കുകളിലായി വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയാണ് അപകടം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നീരേറ്റുപുറം സ്വദേശി ഉമേഷ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
     ചെറുതും വലുതുമായ അൻപതോളം അപകടങ്ങളിൽ  4 പേരുടെ ജീവൻ  ഇവിടെ പൊലിഞ്ഞിരുന്നു. രഞ്ജുവിൻ്റെ മരണം നടന്ന സ്ഥലത്തിന് സമാപം മറ്റൊരു ബൈക്ക് നീയന്ത്രണം വിട്ട് മറിഞ്ഞ് കവിയൂർ കാരയ്ക്കാട്ട് സുരേഷിന് സാരമായി പരിക്കേറ്റിരുന്നു. റോഡിൽ പൈപ്പ് പൊട്ടി കിടന്ന റോഡിൽ വീണാണ് സുരേഷിന് പരിക്കേറ്റത്. മാസങ്ങൾക്ക് മുൻപ് എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവൻ്റെ മകൻ രോഹിത് സജീവ് (19) ഇവിടെ വെച്ച് മരണപ്പെട്ടിരുന്നു. ഒന്നര വർഷം മുൻപ് നടന്ന മറ്റൊരപകടത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവും ഇവിടെ വെച്ച് മരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ എടത്വാ സ്വദേശിയുടെ പരിക്ക് ഇപ്പഴും പൂർണ്ണമായി ഭേദമായിട്ടില്ല.
    നിരന്തരമായി അപകടം നടക്കുന്ന വെട്ടുതോട് വളവ് മാധ്യമങ്ങളിൽ ഇടംപിടിച്ചതോടെ സ്ഥലം സന്ദർശിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറായി. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിൻ്റെ നേത്യുത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, വൈസ് പ്രസിഡന്റ്  സുഷമ സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, പിഡബ്ലുഡി അസിസ്റ്റന്റ് എഞ്ചിനിയർ കെ രവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റോജി പി വർഗ്ഗീസ് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. 

എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡ്, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം,  ജോ സെക്രട്ടറി അജി കോശി,  സുധീർ കൈതവന, പ്രദേശ വാസികൾ എന്നിവർ വിവരങ്ങൾ വിശദീകരിച്ചു.




കളക്ടർ, എഡിഎം, എംഎൽഎ, മറ്റ് ജന പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തില്‍  നടന്ന യോഗത്തിൽ അപകട കാരണം വിശദമായി പഠിച്ചശേഷം റിപ്പോർട്ട് സമർപ്പിക്കുവാനും  അടിയന്തിര പരിഹാരം കാണാന്‍ തീരുമാനിച്ചു.



 

Post a Comment

0 Comments