ad

Ticker

6/recent/ticker-posts

കുറ്റിപ്പുറം പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണം; വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു

Uploaded Image
കുറ്റിപ്പുറം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ നടീലും കുറ്റിപ്പുറം ഗവൺമെന്റ് ടെക്നിക്കൽ സ്കൂളിൽ സംഘടിപ്പിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഹരിതകേരള സൃഷ്ടിയുടെ ആവശ്യകതയും ഉദ്ഘാടന പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി. ഭാവിതലമുറയ്ക്ക് ശുദ്ധമായ പരിസ്ഥിതി കൈമാറുന്നതിന് വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുന്നതിൽ പൊതുസമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അവർ പറഞ്ഞു.

പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ഹരിത പദ്ധതികൾ നടപ്പാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷലീജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് കുട്ടി ചെമ്പിക്കൽ, കെ പി സക്കീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല ബീരാൻ കുട്ടി, വാർഡ് അംഗം മുംതാസ് ബീഗം, കൃഷി ഓഫീസർ യുഗ്മ തുടങ്ങിയവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് വിവിധയിനം ഫലവൃക്ഷ-തണൽവൃക്ഷ തൈകൾ നട്ടു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പ്രകൃതി സംരക്ഷണത്തിനും ഹരിതവൽക്കരണ പ്രവർത്തനങ്ങൾക്കും കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു.

Post a Comment

0 Comments