ad

Ticker

6/recent/ticker-posts

മങ്കടയിലെ ജൈവസമ്പത്തിന്റെ വിവരശേഖരണം പുതുക്കുന്നു; ജൈവവൈവിധ്യ പരിപാലന സമിതി യോഗം ചേർന്നു

Uploaded Image

മങ്കട: ഗ്രാമപഞ്ചായത്തിലെ തനത് ജൈവസമ്പത്തും പ്രകൃതിവിഭവങ്ങളും കണ്ടെത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായി മങ്കട ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി യോഗം ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫ്സൽ റമീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് യു.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. ജില്ലാ ജൈവവൈവിധ്യ ബോർഡ് പ്രതിനിധി സഫ്ന പദ്ധതി വിശദീകരിച്ചു.

2013-ൽ തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്റർ 13 വർഷത്തിന് ശേഷം പുതുക്കി രണ്ടാം ഭാഗം തയ്യാറാക്കുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. പ്രദേശത്തെ സസ്യജാലങ്ങൾ, ജീവജാലങ്ങൾ, അപൂർവയിനം സസ്യങ്ങൾ, പ്രകൃതിവിഭവങ്ങൾ, പരമ്പരാഗത കൃഷിരീതികൾ, നാട്ടറിവുകൾ, ഭക്ഷ്യസസ്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച പുതിയ വിവരങ്ങൾ ശേഖരിച്ച് രജിസ്റ്ററിൽ ഉൾപ്പെടുത്തും.

കഴിഞ്ഞ 13 വർഷത്തിനിടെ പ്രദേശത്തെ ജൈവസമ്പത്തിലും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയിലും ഉണ്ടായ മാറ്റങ്ങൾ കണ്ടെത്തി നിലവിലെ സ്ഥിതി വിലയിരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെയും സഹകരണത്തോടെ വിവരശേഖരണം നടത്തും. നാടിന്റെ തനത് ജൈവസമ്പത്തിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ രേഖപ്പെടുത്തുന്നതിനൊപ്പം അവയുടെ സംരക്ഷണത്തിന് ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.

പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിലൂടെ പ്രദേശത്തെ ജൈവസമ്പത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമായി മനസ്സിലാക്കാനും ഭാവിയിലെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകാനും സാധിക്കുമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ വാർഡ് അംഗങ്ങളായ ഇബ്രാഹിം പി.ടി., സാദിക്കലി വെള്ളില, അസിസ്റ്റന്റ് സെക്രട്ടറി ഫാത്തിമ സുഹ്റ, മങ്കട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. അബ്ദുൽ കരീം, പാരമ്പര്യസിദ്ധ വൈദ്യൻ സഫ്വാൻ, കുന്നംതൊടി ഷെഫീഖ്, വിബിജി റാം ജി അക്രഡിറ്റഡ് എൻജിനീയർ ഉണ്ണികൃഷ്ണൻ പി.കെ. എന്നിവർ സംസാരിച്ചു.

Post a Comment

0 Comments