കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന് കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണ് നടപടി. 2020 ഫെബ്രുവരി 8ന് ക്യാമ്പ് കഴിഞ്ഞ് പരാതിക്കാരി ബീച്ചിൽ വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ തന്നെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അതിജീവിത നൽകിയ പരാതിയിൽ 2022 ജൂലൈ 29ന് കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നുള്ള ചിത്രങ്ങൾ പ്രതി ഹാജരാക്കിയത് പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന് നിരീക്ഷിച്ചിരുന്നു. അപ്രസക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായതിനാൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഓഗസ്റ്റിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
0 Comments