ad

Ticker

6/recent/ticker-posts

എസ്.എസ്.എല്‍.എസി വിജയിച്ച എല്ലാവര്‍ക്കും ഉപരിപഠന സൗകര്യം ഉറപ്പാക്കണം- ജില്ലാ വികസന സമിതി


മലപ്പുരം : ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ച എല്ലാവര്‍ക്കും ഉപരിപഠന സൗകര്യം ഉറപ്പാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സീറ്റ് ക്ഷാമത്തിനു താൽക്കാലിക പരിഹാരമെന്ന നിലയിൽ 30 ശതമാനം അധിക സീറ്റുകൾ അനുവദിക്കുകയാണു മുൻവർഷങ്ങളിൽ ചെയ്തത്. അധിക ബാച്ചുകൾ അനുവദിച്ചു ജില്ലയിലെ ഹയര്‍സെക്കന്‍ഡറി പഠന രംഗത്തെ പ്രതിസന്ധിക്കു ശാശ്വത പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൗതിക സാഹചര്യങ്ങളുടെ അഭാവം കാരണം എയ്ഡഡ് സ്കൂളുകള്‍ സീറ്റ് വര്‍ധന നടപ്പാക്കാറില്ല. നടപ്പാകുന്ന സ്കൂളുകളിൽ ഒരു ക്ലാസിൽ 70 കുട്ടികൾ വരെ ഇരുന്നു പഠിക്കേണ്ട സ്ഥിതിയുണ്ടാകുന്നു. എന്നാല്‍ മറ്റു ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ കുറച്ചു കുട്ടികളാണ് പഠിക്കുന്നത്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ നിന്നു പത്താംതരം വിജയിച്ച പരമാവധി പേര്‍ക്ക് ഉപരിപഠനത്തിന് സൗകര്യമുണ്ടെന്ന് ഹയര്‍സെക്കന്‍ഡി മേഖലാ ഉപഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.  77,800 പേരാണ് ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ചത്. 30 ശതമാനം സീറ്റ് വര്‍ധനയും അണ്‍എയ്‍ഡഡ് ബാച്ചുകളും കൂട്ടുമ്പോള്‍ ഇവര്‍ക്കായി 66,846 പ്ലസ് വണ്‍ സീറ്റുകള്‍ ജില്ലയിലുണ്ട്. വി.എച്ച്.എസ്.ഇ, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി, പോളി ടെക്നിക്, ഐ.ടി.സി/ ഐ.ടി.ഐ, ഐ.എച്ച്.ആര്‍.ഡി വിഭാഗങ്ങളിലായി 8590 സീറ്റുകളും ജില്ലയിലുണ്ട്. വിജയിച്ചവരുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ 2391 സീറ്റുകളുടെ കുറവാണ് ജില്ലയിലുള്ളതെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ നിന്നും പത്താംതരം പാസ്സായവര്‍ക്ക് ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകളുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തെ പ്ലസ്‍വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും  കൂടി പരിശോധിച്ച് ബുധനാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ ഹയര്‍സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒഴിഞ്ഞു കിടക്കുന്ന ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ കണ്ടെത്തി സീറ്റ് കുറവുള്ള ജില്ലകളിലേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
ചേളാരി ഐ.ഒ.സി ബോട്ട്‍ലിങ് പ്ലാന്റില്‍ നിന്നും പാചകവാതകവുമായി പോവുന്ന വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ദുരന്തസാദ്ധ്യത മുന്നില്‍കണ്ട് ജില്ലാ ഭരണകൂടം ഇടപെടണമെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു. തിരൂര്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ്, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ അടങ്ങിയ സംഘം ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. 
സ്കൂള്‍ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് ക്ലാസുകള്‍ അവസാനിക്കുന്ന 4 മുതല്‍ 6 വരെയും ടിപ്പറുകള്‍ ഓടരുതെന്ന ഉത്തരവ് പാലിക്കുന്നുണ്ടെന്ന കാര്യം പൊലീസും ഗതാഗത വകുപ്പും ഉറപ്പാക്കണമെന്ന് കെ.പി. എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. പൊന്നാനി നിളയോര പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പൊന്നാനി എം.എല്‍.എയുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. വികസന സമിതി യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കരുതെന്ന് അഡ‍്വ. യു.എ ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. 
താലൂക്ക് തലങ്ങളില്‍ നടന്ന 'കരുതലും കൈത്താങ്ങും' പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച അപേക്ഷകളില്‍ ജൂണ്‍ 30 നുള്ളില്‍ നടപടി എടുത്ത് റിപ്പോര്‍ട്ട് കൈമാറണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ വകുപ്പ്, സിവില്‍ സപ്ലൈസ്, കെ.എസ്.ഇ.ബി, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചതില്‍ ഏറെയും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ ബന്ധപ്പെട്ട താലൂക്ക് ചാര്‍ജ് ഓഫീസര്‍മാരും അടിയന്തരമായി നടപടികള്‍ സ്വീകരിക്കണം. ജില്ലാ വികസന സമിതി യോഗങ്ങളില്‍ എം.എല്‍.എമാര്‍ മുന്‍കൂട്ടി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ മറുപടി ലഭ്യമാക്കണം. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാലയ പരിസരങ്ങളിലും മറ്റും ലഹരി ഉപയോഗം കണ്ടെത്താന്‍ പൊലീസും എക്സൈസും സംയുക്തമായി റെയ്ഡുകള്‍ നടത്തണം. 2022 നവംബര്‍ ഒന്നു മുതല്‍ 2023 മെയ് 30 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 12,200 ലേറെ ഇ-പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വില്ലേജ്തല ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ചേരുന്നതിനും അതത് പ്രദേശത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്നതും ഗ്രാമപഞ്ചായത്ത് തലത്തില്‍ വാങ്ങാവുന്നതുമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. പരപ്പനങ്ങാടി- നാടുകാണി സംസ്ഥാന പാത നവീകരണം പുനരാരംഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
എം.എല്‍.എമാരായ പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ്, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍,  ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍, അഡ്വ. യു.എ ലത്തീഫ്, കെ.പി.എ മജീദ്, സബ് കളക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സച്ചിന്‍കുമാര്‍ യാദവ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ ഇ.ടി പി.വി അബ്ദുല്‍വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ.. അബൂ സിദ്ധീഖ്, മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.   2022-23 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ മലപ്പുറം ജില്ലയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ പങ്കുവഹിച്ച ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ക്കും വിവിധ വകുപ്പുകള്‍ക്കുമുള്ള പ്രശംസാപത്രവും യോഗത്തില്‍ വിതരണം ചെയ്തു. താനൂര്‍ ബോട്ടപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരെയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു. 

Post a Comment

0 Comments