ad

Ticker

6/recent/ticker-posts

തകഴിയിൽ റെയിൽവേ മേൽപാലത്തിന് അനുമതി


തിരുവനന്തപുരം: ഗതാഗത തടസ്സം നിത്യസംഭവമായ  തകഴിയിൽ റെയിൽവേ ക്രോസിൽ  മേൽപാലം നിർമ്മിക്കാൻ റെയിൽവേ ബോർഡ് അനുമതി നല്കി.നിർമ്മാണ ചെലവിൻ്റെ പകുതി വീതം റെയിൽവേയും സംസ്ഥാന സർക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി. മേൽപാലത്തിനായി 35.94 കോടി രൂപയാണ് കണക്കാക്കുന്ന തുക.

റെയിൽവേ ലൈനിന് മുകളിൽ വരുന്ന പാലത്തിൻ്റെ ഭാഗം റെയിൽവേയുടെയും അപ്രോച്ച് റോഡും  മറ്റ് നിർമ്മാണങ്ങളും  സംസ്ഥാനത്തിൻ്റെയും ചുമതലയിൽ നിർമ്മിക്കുന്നതാണ് രീതി.റോഡ്സ് & ബ്രിഡ്ജ്സ് കോർപറേഷനാണ് സംസ്ഥാന സർക്കാരിന് വേണ്ടി മേൽപാലങ്ങളുടെ നിർമ്മാണം നടത്തുന്നത്. അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പും മറ്റും സംസ്ഥാനത്തിൻ്റെ ചുമതലയാണ്. അത്തരം നടപടികൾ ടെൻഡർ അന്തിമമാക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. ജില്ലയിൽ മറ്റ് 14 സ്ഥലങ്ങളിൽ കൂടി മേൽപാലത്തിനായി അനുമതി നല്കിയിട്ടുണ്ട്.

മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തകഴി റെയിൽവേ ക്രോസിൽ മേൽപ്പാലം നിർമ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതി നില്പ് സമരം ഉൾപ്പെടെ നടത്തി. കൂടാതെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി  എന്നിവരുൾപ്പെടെ യുള്ളവർക്ക് നിവേദനവും  നല്കിയിരുന്നു. എടത്വ വികസന  സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള   സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നല്കിയ നിവേദനത്തെ തുടർന്ന് ആഗസ്റ്റ് 6ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്ഥലം സന്ദർശിച്ചിരുന്നു.
ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് ഇവിടെ  പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്. അത്യാസന നിലയിലുള്ള രോഗികളുമായി വിവിധ  മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് ആംബുലൻസിൽ  കൊണ്ടുപോകുമ്പോൾ  റെയിൽ​വെ ക്രോസ്  അടഞ്ഞുകിടക്കുന്നത്​ മൂലം രോഗികളുടെ ജീവന് പോലും പൊലിഞ്ഞിട്ടുണ്ട്.

അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്.അഗ്നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നത് നിത്യസംഭവമാണ്. 
തകഴി റെയില്‍വേ ഗേറ്റില്‍ വലിയ ക്രെയിനുമായി എത്തിയ ലോറി റെയില്‍വേ ക്രോസ് ബാറിലിടിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം റെയിൽവെ ക്രോസ് അടച്ചിട്ടാണ് അറ്റകുറ്റപണികൾ നടത്തുന്നതെന്നും സ്ഥലമെടുപ്പ് ഉൾപെടെയുള്ള കാര്യങ്ങൾ അതിവേഗത്തിലാക്കണമെന്നും സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള , രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ എന്നിവർ ആവശ്യപെട്ടു.

.

Post a Comment

0 Comments