ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിനായ മിഷൻ ഇന്ദ്രധനുഷ് 5.0 ന് ആഗസ്റ്റ് ഏഴു മുതല്‍ ജില്ലയില്‍ തുടക്കമാകുകയാണ്.
ഇതിന്റെ ഭാഗമായി പെരിന്തൽമണ്ണ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിൽ വെട്ടത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ജില്ലാ ആരോഗ്യവകുപ്പ് ബോധവൽക്കരണ ക്ലാസ് നടത്തി. അസ്ഗർ അലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്തു. ജാമിയ നൂരിയ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ലിയാഉദ്ദീൻ ഫൈസി മേൽമുറി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. മതപണ്ഡിതന്മാർ, വിവിധ മഹല്ലുകളിലെ ഖത്തീബുമാർ., ജാമിഅ നൂരിയ അറബിക് കോളേജിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
മൊറയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സയ്യിദ് ഫസൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുകയും പ്രതിരോധ കുത്തിവെയ്പ്പുകളെ കുറിച്ച് സംശയനിവാരണം നടത്തുകയും ചെയ്തു.
മുൻകാലങ്ങളിൽ ഭാഗികമായി കുത്തിവെയ്പ്പ് എടുത്തവർക്കും ഇതുവരെയും എടുക്കാൻ കഴിയാത്തവർക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെയ്പ്പ് പൂർത്തിയാക്കാൻ കഴിയും. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും.
ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, ബാലക്ഷയം, പോളിയോ, മിസിൽസ്, റുബെല്ല, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് മിഷൻ ഇന്ദ്രധനുഷ് സംരക്ഷണം നൽകും. കൂടാതെ, ഗർഭിണികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകും.
0 Comments