സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ എട്ട് പരാതികൾക്ക് പരിഹാരം. 15 കേസുകളാണ് പരിഗണനയിലുണ്ടായിരുന്നത്. ഏഴ് പരാതികൾ അടുത്ത അദാലത്തിലേക്കായി മാറ്റി. പുതിയതായി ആറ് കേസുകളാണ് കമ്മീഷന് മുമ്പിലെത്തിയത്. പോളിടെക്നിക് കോളേജ് അധികൃതർ സർട്ടിഫിക്കറ്റ് നൽകാൻ വിമുഖത കാണിക്കുന്നതായ വണ്ടൂർ സ്വദേശിനിയുടെ പരാതിയിൽ കമ്മീഷൻ ഇടപെട്ട് അനുകൂല നടപടി സ്വീകരിച്ചു. മകളെ പ്രണയിച്ച കാരണത്താൽ യുവാവിനെ വീട്ടുകാർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയും, പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നതുൾപ്പടെ പരാതികളുമാണ് കമ്മീഷന് മുമ്പിലെത്തിയത്. അദാലത്തിൽ കമ്മീഷൻ അംഗം പി.കെ മുബഷിർ, സെക്രട്ടറി ഡാർളി ജോസഫ്, ഓഫീസ് അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ നേതൃത്വം നൽകി. *_ലോൺ ആപ്പുകളുടെ ഭീഷണി; സഹായം ഉറപ്പാക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ_* ലോൺ ആപ്പുകൾ ഉൾപ്പടെ ഓൺലൈൻ മേഖലയിലെ കെണിയിൽപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ യുവജന കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് ഇരയാകുന്ന സാഹചര്യത്തിൽ സ്വയം പരിഹരിക്കാനാകുമെന്ന ധാരണയിൽ കഴിയാതെ യുവജന കമ്മീഷനേയോ പൊലീസിനേയോ വിവരമറിയിക്കണം. ഓൺലൈൻ ഗെയിം മേഖലയിലെ ചതിക്കുഴികളിൽ വിദ്യാർഥികൾ ഉൾപ്പടെ ഇരകളാകുന്നതായും ഇത്തരത്തിൽ ചൂഷണത്തിന് ഇരയാക്കപ്പെടുന്നവരെ ഏതുവിധേനയും സഹായിക്കാൻ യുവജന കമ്മീഷൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പ് വരുത്തുന്നതിനായി ഓരോ ജില്ലയിലും യുവജന - വിദ്യാർഥി നേതൃത്വത്തെ പങ്കെടുപ്പിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. തുടർന്ന് ഇവരിലൂടെ മുഴുവൻ യുവജനങ്ങളിലേക്കും ക്യാമ്പയിൻ സന്ദേശം എത്തിക്കാനാണ് പദ്ധതി. ഇതിന്റെ മുന്നോടിയായി ആറ് വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന ആത്മഹത്യകളെക്കുറിച്ച് പഠനം നടത്തും. സർക്കാരിലേക്ക് സമർപ്പിക്കുന്ന ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കമ്മീഷന്റെ ഭാവി പ്രവർത്തനങ്ങൾ ക്രമീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന പ്രവണത സംസ്ഥാനത്ത് വർദ്ധിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അഭ്യസ്ഥവിദ്യരായ നിരവധി പേരാണ് ലക്ഷങ്ങൾ നൽകി വഞ്ചിതരായി കമ്മീഷന് മുമ്പിൽ പരാതിയുമായി എത്തുന്നത്. സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിഗണിക്കാതെയും മതിയായ രേഖകളില്ലാതെയും ഇത്തരത്തിൽ പണം നൽകുന്നതിൽ നിന്നും രക്ഷിതാക്കളും യുവജനങ്ങളും ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു.
0 Comments