ബംഗളൂരു: ഓള്‍ ഇന്ത്യ എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ് ആന്‍ഡ് കൗണ്‍സിലേഴ്‌സ് അസോസിയേഷന്റെ(എ.ഐ.ഇ.സി.സി.എ- അഇക്ക) വാര്‍ഷിക സമ്മേളനവും വിദ്യാഭ്യാസ എക്‌സപോയും ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ ബംഗളൂരു താജ് യശ്വന്ത്പുരില്‍ നടക്കും. വിദ്യാര്‍ത്ഥികളെ യഥാര്‍ത്ഥ വഴിയിലൂടെ തങ്ങളുടെ ലക്ഷ്യത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഇക്ക. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മൂന്ന്, നാല് ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മെഗാ എക്‌സ്‌പോയും അഞ്ചിന് കായിക മത്സരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
മൂന്നിന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ കള്‍സള്‍ട്ടന്റുമാരും കൗണ്‍സിലര്‍മാരും പങ്കെടുക്കുന്ന സമ്മേളനവും എക്‌സ്‌പോയും സംഘടിപ്പിക്കും. ഇതില്‍ സംഘടനയില്‍ അംഗങ്ങളല്ലാത്തവര്‍ക്കും പങ്കെടുക്കാനാകും. രാജ്യത്തെ നാല്‍പ്പതിലേറെ സര്‍വ്വകലാശാലകളും കോളേജുകളും ഈ എക്‌സ്‌പോയില്‍ പങ്കെടുക്കും. കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് മന്ത്രി ഡോ. ജി. പരമേശ്വര യോഗത്തില്‍ മുഖ്യാതിഥിയായിരിക്കും. മുന്‍ ഉപമുഖ്യമന്ത്രിയും മല്ലേശ്വരം എംഎല്‍എയുമായ അശ്വത് നാരായണ്‍ പ്രത്യേക അതിഥിയായും പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങളില്‍ നടക്കുന്ന സംവാദം ഡോ. ജി.എസ് പ്രദീപ് നയിക്കും.
നാലിന് നടക്കുന്ന അഇക്കയുടെ എട്ടാമത് വാര്‍ഷിക ജനറല്‍ ബോഡി സമ്മേളനത്തില്‍ മുന്നൂറിലേറെ അംഗങ്ങള്‍ പങ്കെടുക്കും. സംഘടനയുടെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ എക്‌സ്‌പോയും ഈ ദിവസം ഉണ്ടായിരിക്കും.
സമ്മളനത്തിന്റെ അവസാന ദിവസമായ അഞ്ചാം തിയതി അഇക്ക പ്രീമിയര്‍ ലീഗ്(എ.പി.എല്‍) സംഘടിപ്പിക്കും. അംഗങ്ങള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ്, ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മെഗാ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമായി സ്‌പോട്ട് രജിസ്‌ട്രേഷനും ഒരുക്കിയിട്ടുണ്ടെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് മനോജ് മനയത്തൊടി, ദേശീയ സെക്രട്ടറി സാം പി. ഫിലിപ്പ്, ദേശീയ ട്രഷറര്‍ മുഹമ്മദ് അലി എന്‍.കെ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
0 Comments