ad

Ticker

6/recent/ticker-posts

ചുണ്ടയിൽ കോഴിമാലിന്യ സംസ്കരണ പ്ലാന്റിന് വേണ്ടി എടയൂർ പഞ്ചായത്ത് ഭരണസമിതി നടത്തിയത് ലക്ഷങ്ങളുടെ അഴിമതി

വളാഞ്ചേരി: എടയൂർ പഞ്ചായത്തിലെ അത്തിപ്പറ്റ പഴയചന്തയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചുണ്ടയിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നുവരികയാണ്. പ്ലാൻറിന്റെ അശാസ്ത്രീയ പ്രവർത്തി കാരണം ദുർഗന്ധവും ഗുരുതര ആരോഗ്യപ്രശ്നങ്ങളുമാണ് പ്രദേശവാസികൾ നേരിടുന്നത്. ഇതിനെതിരായി പ്രദേശത്തെ നൂറ്റമ്പതോളം കുടുംബങ്ങൾ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം എടയൂർ ഗ്രാമപഞ്ചായത്തിലേക്ക് ജനകീയ മാർച്ചും നടത്തി. മാർച്ചിന് ശേഷം നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത പ്ലാന്റിന് സ്റ്റോപ് മെമോ നൽകാമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയെങ്കിലും മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ സമ്മർദ്ധം കാരണം പഞ്ചായത്ത് തീരുമാനത്തിൽ നിന്ന് പിൻവലിയുകയാണുണ്ടായത്. പ്ലാന്റ് പ്രവർത്തനമാരംഭിച്ചത് മുതൽ നാലുവർഷമായി പ്രദേശത്തെ ജനങ്ങൾ ദുരിത ജീവിതം അനുഭവിക്കുകയാണ്. യൂസർ ഫീ ഇനത്തിൽ പഞ്ചായത്തിന് ലഭ്യമാകേണ്ട ലക്ഷക്കണക്കിന് രൂപ കുടിശ്ശികയാക്കി വെച്ചിട്ടും യുഡിഎഫ് ഭരണസമിതി വർഷംതോറും ലൈസൻസ് പുതുക്കി നൽകുകയാണുണ്ടായത്. വലിയ അഴിമതിയാണ് ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്ന് പ്ലാന്റ് ഉടമസ്ഥന് അനുകൂലമായി നടത്തിയിട്ടുള്ളത്. മാത്രവുമല്ല ജൈവവളം ഉൽപ്പാദിപ്പിക്കുന്നതായി കാണിക്കുന്ന പ്ലാന്റിന് കൃഷിവകുപ്പിന്റെ അനുമതി ഇല്ല എന്നുള്ളത് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഫെബ്രുവരി മാസം 21ന് ചേർന്ന ഭരണസമിതി യോഗത്തിൽ എൽഡിഎഫിന്റെ 8 അംഗങ്ങൾ ചേർന്ന് ഇതിനെതിരായി നിവേദനം സമർപ്പിക്കുകയും അതിന്മേൽ ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ യുഡിഎഫ് അംഗങ്ങൾ ഒന്നടങ്കം അനധികൃത പ്ലാന്റിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് വാർഡംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ പഞ്ചായത്തിന്റെ ഒത്താശയോടെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്ഥാപന ഉടമ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നീക്കത്തെ തടയാൻ ആക്ഷൻ കൗൺസിൽ കേസിൽ കക്ഷി ചേർന്നിട്ടുമുണ്ട്. വ്യക്തി താൽപര്യം മാത്രം മുൻനിർത്തി പ്രദേശവാസികളെ പ്രതിസന്ധിയിൽ ആക്കുന്ന എടയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ തുടർ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാനാണ് ആക്ഷൻ കൗൺസിൽ തീരുമാനം. സമരത്തിലൂടെ പഞ്ചായത്ത് നടത്തിയ അഴിമതി തുറന്നു കാട്ടുമെന്നും വിജിലൻസിന് പരാതി നൽകുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ പി.എം മോഹനൻ കൺവീനർ അസ്കർ അലി തോട്ടത്തൊടി രക്ഷാധികാരികളായ കെ.കെ രാജീവ്, കെ.എ സക്കീർ, വി.പി റംല എന്നിവർ സംസാരിച്ചു.

Post a Comment

0 Comments